എക്സ്പോ 2020 : ആരോഗ്യസുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർശന നടപടി
ദുബൈ : എക്സ്പോ 2020ൽ ആരോഗ്യ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർശന നടപടിക്രമങ്ങൾ. തൊഴിലാളികൾ, സന്ദർശകർ തുടങ്ങിയവരുടെ ആരോഗ്യവും മറ്റും ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കോൺട്രാക്ടർമാർ, സബ്കോൺട്രാക്ടർമാർ, പ്രോജക്ട് മാനേജർമാർ തുടങ്ങിയവരുടെ യോഗത്തിൽ ഇതിനുള്ള പദ്ധതി തയ്യാറാക്കി.
ആരോഗ്യം, സുരക്ഷ, നിലവാരം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ വിവിധ തലങ്ങളിൽ വിദഗ്ദ്ധരുടെ േമൽനോട്ടത്തിൽ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. എക്സ്പോ വേദിയിൽ നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 15,000 തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയെന്നതാണു പ്രാഥമിക ഘട്ടമെന്ന് എക്സ്പോ സീനിയർ വൈസ് പ്രസിഡണ്ട് അഹമ്മദ് അൽ ഖത്തിബ് പറഞ്ഞു.
4.38 ചതുരശ്ര കിലോമീറ്റർ വരുന്ന എക്സ്പോ വേദിയിൽ വരും നാളുകളിൽ തൊഴിലാളികളുടെ എണ്ണം 35,000 ആയി ഉയരും. അടുത്തവർഷം എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്നും ചൂണ്ടിക്കാട്ടി.
യു.എ.ഇ പവിലിയന്റെ സമീപത്തുള്ള കൂറ്റൻ കുംഭഗോപുരമായ അൽ വാസൽ പ്ലാസയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 15,000 ചതുരശ്ര മീറ്ററിൽ, പറക്കുന്ന പ്രാപ്പിടിയന്റെ മാതൃകയിലാണു പവിലിയൻ. വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള മൂന്ന് എക്സ്പോ ജില്ലകളുടെയും നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
