ആര്യയെ കാണാൻ പ്രവാസി കമ്മീഷൻ എത്തി
മനാമ : വാർത്താ ചാനലുകളിലൂടെ ലോകം മുഴുവനുമുള്ള മലയാളികളിലെത്തിയ ആര്യമോളെ കാണാൻ കഴിഞ്ഞ ദിവസം പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ എത്തി. അപൂർവ്വ രോഗത്താൽ കഷ്ടത അനുഭവിക്കുന്ന ആര്യമോൾക്ക് വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സഹായം എത്തിയതിലൂടെ മികച്ച ചികിത്സ ലഭ്യമാക്കാനുള്ള പ്രവർത്തനം ആരംഭിച്ചിരുന്നു.
എം.എസ്.എം.ഐ പ്രവർത്തകരായ സിസ്റ്റർ റോസിയും, സിസ്റ്റർ ജ്യോതിയുമാണ് ആര്യമോളുടെ അവസ്ഥ പുറം ലോകത്തെത്തിച്ചത്. മെഡിക്കൽ ബോർഡിനെപ്പോലും അതിശയിപ്പിച്ച രോഗം ഇന്നും പൂർണ്ണമായി ഭേദമായിട്ടില്ലെങ്കിലും വേദനക്ക് ശമനമായതോടെ ആര്യമോൾ ആശുപത്രി ചികിത്സ കഴിഞ്ഞ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. ആര്യയെ സഹായിക്കാനായി ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരും യോജിച്ചു പ്രവർത്തിച്ചിരുന്നു.
സുബൈർ കണ്ണൂർ ആര്യയുടെ വസതിയിലെത്തിയപ്പോൾ കൂടെ സിസ്റ്റർ റോസിയും സിസ്റ്റർ ജ്യോതിയും ഉണ്ടായിരുന്നു. തന്നെ സഹായിച്ച എല്ലാവർക്കും ആര്യമോളും, അമ്മയും നന്ദിയും അറിയിച്ചു.
