കുവൈത്ത് മോട്ടോർ സിറ്റി അമീർ രാജ്യത്തിന് സമർപ്പിച്ചു
കുവൈത്ത് സിറ്റി : കുവൈത്ത് മോട്ടോർ സിറ്റി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് രാജ്യത്തിനു സമർപ്പിച്ചു. രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാസജ്ജീകരണങ്ങളോടെ ഒരുക്കിയിട്ടുള്ള ഇവിടെ മോട്ടോർ സ്പോർട്സ് ഇഷ്ടപ്പെടുന്ന യുവാക്കൾക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഉണ്ട്. രാജ്യാന്തരതലത്തിലെ വിവിധ മത്സരങ്ങൾക്കും വേദിയാകും.
ചടങ്ങിൽ പങ്കെടുക്കാൻ ആരിഫ്ജാനിൽ എത്തിയ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ അമീരിദിവാൻ മന്ത്രി ഷെയ്ഖ് അലി ജാറ അൽ സബാഹ്, അമീരിദിവാൻ അഡ്മിനിസ്ട്രേറ്റർ അബ്ദുൽ അസീസ് ഇസ്‌ഹാഖ് എന്നിവർ സ്വീകരിച്ചു. കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് തുടങ്ങിയവർ സംബന്ധിച്ചു.

