കുവൈത്തിൽ സ്വദേശിവൽക്കരണ തോത് പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ മൂന്നിരട്ടിയാക്കി
കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വദേശിവൽക്കരണ തോത് പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള പിഴ വർദ്ധിപ്പിച്ചു. പിഴ വർദ്ധന ധനസമാഹരണം ലക്ഷ്യമിട്ടല്ലെന്നാണ് അധികൃതരുടെ വിശദീകരണം. സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിനേക്കാൾ ലാഭം നിലവിലുള്ള പിഴ അടയ്ക്കുകയാണെന്നു കരുതുന്ന ഒട്ടേറെ തൊഴിലുടമകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പിഴ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
സ്വദേശികൾക്കു പകരം വിദേശികൾക്കു ജോലി നൽകിയാൽ ഓരോ നിയമനത്തിനുമുള്ള പിഴ 100 ദിനാറിൽനിന്നു 300 ദിനാറായാണു വർദ്ധിപ്പിച്ചത്. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും. പത്രസ്ഥാപനങ്ങൾ, കൺസൽറ്റൻസികൾ, നിയമസഹായ സ്ഥാപനങ്ങൾ എന്നിവയെ സാമൂഹിക സേവന മേഖലയിൽ നിന്ന് മാറ്റി വ്യാപാര സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനും തീരുമാനമായി. പത്രസ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണ തോത് അഞ്ചിൽ നിന്ന് 10 ശതമാനമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിംങ് കന്പനികളിൽ നാലുശതമാനം സ്വദേശിവൽക്കരണം ഉറപ്പാക്കണം.
അതിനിടെ സ്വകാര്യമേഖലയിൽ 17,000 സ്വദേശികൾക്ക് ജോലി ലഭ്യമാക്കാൻ ലേബർ റീസ്ട്രക്ചറിംങ് പ്രോഗ്രാം ആരംഭിച്ചു. സ്വദേശികൾക്ക് അവസരം ഉറപ്പാക്കാൻ പദ്ധതിയുടെ ചുമതലക്കാർ സ്വകാര്യ കന്പനികളുമായി നിരന്തരം ചർച്ച നടത്തിവരുന്നുണ്ട്. സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ സ്വദേശികളെ സ്വകാര്യമേഖലയിലേക്ക് ആകർഷിക്കുന്നുണ്ടെന്നാണ് നിഗമനം. പുതിയ സാഹചര്യത്തിൽ സ്വദേശികളുടെ ഏറ്റവും മികച്ച തൊഴിൽ വിപണി സ്വകാര്യ മേഖലയാണെന്ന ബോധ്യം വളർത്താൻ പ്രോഗ്രാം ലക്ഷ്യമിടുന്നുവെന്നു മേധാവി മാജിദലി പറഞ്ഞു.
സ്വകാര്യ മേഖലയിൽ നിശ്ചിത ശതമാനം അവസരം സ്വദേശികൾക്കായിരിക്കണമെന്ന് 2000ലാണ് നിയമം കൊണ്ടുവന്നത്. ചില സ്ഥാപനങ്ങളിലെ തോത് കാലാനുസൃതം വർദ്ധിപ്പിക്കുന്നുമുണ്ട്. പതിനായിരം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ നാലുവർഷം മുന്പ് പദ്ധതി തയ്യാറാക്കിയെങ്കിലും ലക്ഷ്യം കൈവരിക്കാനായില്ലെന്നാണു കണക്കുകൾ നൽകുന്ന സൂചനയെന്ന് അദ്ദേഹം പറഞ്ഞു.

