ഗതാഗതം സുഗമമാക്കുന്നതിന് 25 റോഡ് പദ്ധതികളുമായി കുവൈത്ത്
കുവൈത്ത് സിറ്റി : രാജ്യത്തെ റോഡ് ഗതാഗതം സുഗമമാക്കുന്നതിനു 25 പദ്ധതികൾ നടപ്പാക്കുന്നതായി പൊതുമരാമത്ത് മന്ത്രാലയത്തിലെ റോഡ് − കര ഗതാഗത അതോറിറ്റി ഡയറക്ടർ അഹമ്മദ് അൽ ഹസൻ അറിയിച്ചു. മിക്ക പദ്ധതികളും ഈ വർഷം തന്നെ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. മിന അബ്ദുല്ല, വഫറ, സബാഹ് അൽ സാലെം സിറ്റി എന്നിവയെ ബന്ധിപ്പിക്കുന്ന റോഡും നോർത്ത് ഖൈറാൻ, സബാഹ് അൽ അഹമ്മദ്, സൂർ − വഫറ റോഡിനെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുമാണു പദ്ധതികളിൽ പ്രധാനപ്പെട്ടവ.
വിവിധ വകുപ്പുകളിൽ കടലാസ് ജോലികൾ പൂർത്തീകരിക്കാനെടുക്കുന്ന കാലതാമസം പൊതുമരാമത്ത് മന്ത്രാലയത്തിന്റെ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനു തടസ്സമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം മറികടക്കാൻ പ്രീ−പ്രോജക്ട് മോണിറ്ററിങ് സമ്പ്രദായം ഒഴിവാക്കാൻ ആലോചനയുണ്ട്. ഈ സന്പ്രദായം നിലവിലുള്ള ഒരേയൊരു രാജ്യം കുവൈത്താണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരങ്ങളുടെ പട്ടികയിൽ കുവൈത്ത് 396ാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം 325 ആയിരുന്നു കുവൈത്തിന്റെ സ്ഥാനം. ലൊസാഞ്ചലസ് ആണ് ഗതാഗതക്കുരുക്കിൽ ലോകത്ത് ഒന്നാമതുള്ള നഗരം. ഗതാഗതക്കുരുക്കു കാരണം ലോകത്ത് ഒരു വ്യക്തി പ്രതിവർഷം ശരാശരി 22 മണിക്കൂർ റോഡിൽ ചെലവഴിക്കേണ്ടി വരുന്നുവെന്നാണ് ഐ.എൻ.ആർ.ഐ.എക്സിന്റെ കഴിഞ്ഞ വർഷത്തെ ഗ്ലോബൽ ട്രാഫിക് സ്കോർ ബോർഡിലുള്ള കണക്ക്.
ഗതാഗതക്കുരുക്കിന്റെ കാര്യത്തിൽ അറബ് നഗരങ്ങളിൽ കുവൈത്ത് അഞ്ചാമതാണ്. റിയാദ്, ദുബൈ, ജിദ്ദ, ഫുജൈറ എന്നിവയാണ് കുവൈത്തിനു മുന്നിലുള്ള നഗരങ്ങൾ. ഏഷ്യയിൽ കുവൈത്ത് ഇരുപത്തിരണ്ടാമതാണ്. വാഹനമോടിക്കുന്നവർ കഴിഞ്ഞ വർഷം ഗതാഗതക്കുരുക്കിനെ തുടർന്നു ലൊസാഞ്ചലസിലെ റോഡിൽ അധികമായി ചെലവഴിച്ചതു 102 മണിക്കൂറാണ്. മോസ്കോ നഗരവാസികളും ന്യൂയോർക്കിലുള്ളവരും 91 മണിക്കൂർ അധികം ചെലവഴിച്ചു.
സാവോ പോളോയിൽ 86 മണിക്കൂറും സാൻഫ്രാൻസിസ്കോയിൽ 79 മണിക്കൂറും ബൊഗോട്ടയിൽ 75 മണിക്കൂറും ലണ്ടനിൽ 74 മണിക്കൂറും പാരിസിൽ 69 മണിക്കൂറുമാണ് അധികമായി ചെലവഴിച്ചത്. ഗതാഗതക്കുരുക്കു കാരണം ഡ്രൈവർമാർ ഏറ്റവും കൂടുതൽ സമയം വാഹനത്തിൽ കഴിയേണ്ടിവന്ന രാജ്യം എന്ന സ്ഥാനം തായ്‌ലൻഡിനാണ്. ഇന്തൊനീഷ്യ, കൊളംബിയ, വെനസ്വേല, റഷ്യ, യു.എസ്, ബ്രസീൽ എന്നിവയാണു തൊട്ടുപിന്നിൽ. മുപ്പത്തെട്ട് രാജ്യങ്ങളിൽ നിന്നും 1360 നഗരങ്ങളിൽനിന്നുമുള്ള കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണു പട്ടിക തയാറാക്കിയത്.




