നോർക പ്രവാസി ഐഡി കാർഡ് വിതരണം സജീവമായി
കുവൈത്ത് സിറ്റി : കുവൈത്തിൽ നോർക്ക് പ്രവാസി ഐഡി കാർഡുകളുടെ വിതരണം സജീവമായി. വിവിധ സംഘടനകൾക്ക് കീഴിൽ അപേക്ഷ നൽകി മാസങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് നോർക കാർഡുകൾ അപേക്ഷകർക്ക് ലഭിച്ചു തുടങ്ങിയത്. പ്രവാസികൾക്കുള്ള ആനുകൂല്യങ്ങൾ നേടിക്കൊടുക്കുന്നതിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ കാലങ്ങളായി വീഴ്ച വരുത്തിയതായി വ്യാപകമായി പരാതി ഉയർന്നിരുന്നു.
ഇതിനിടയിലാണ് വെൽഫെയർ കേരള പോലുള്ള പ്രവാസി സംഘടനകളുടെ വ്യാപകമായ ബോധവൽക്കരണത്തിന്റെ ഫലമായി ആയിരക്കണക്കിന് പേർ നോർക കാർഡിനായി അപേക്ഷ നൽകിയത്.
പ്രവാസികളുടെ നിരന്തര സമ്മർദ്ദം മൂലം കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ കാർഡുകൾ പ്രിന്റ് ചെയ്യാൻ നോർക സംവിധാനമുണ്ടാക്കിയതോടെയാണ് കാർഡുകൾ ലഭിച്ചു തുടങ്ങിയത്. വൈകിയാണെങ്കിലും പ്രവാസികൾക്കുള്ള ഔദ്യോഗിക രേഖയായ നോർക തിരിച്ചറിയൽ കാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അപേക്ഷകർ പറയുന്നു.
നോർക റൂട്സ് വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന സംവിധാനം ഈയിടെ ആരംഭിച്ചെങ്കിലും നടപടിക്രമങ്ങൾ അൽപം സങ്കീർണ്ണമായതിനാൽസാധാരണക്കാരായ പ്രവാസികൾ സാമൂഹിക സംഘടനകളെയാണ് അപേക്ഷ സമർപ്പിക്കാനായി ആശ്രയിക്കുന്നത്. വിവിധ സംഘടനകൾ മുൻകൈഎടുത്ത് നടത്തിവരുന്ന നോർക കാർഡ് വിതരണം വിവിധ ഘട്ടങ്ങളിലായി നടന്നുവരുന്നു.
അബ്ബാസിയ, ഫർവാനിയ, സാൽമിയ, ഫഹഹീൽ എന്നീ മേഖലകളിൽ ഇതിനോടകം 2000 കാർഡുകൾ വിതരണം ചെയ്തതായി വെൽഫെയർ കേരള ഭാരവാഹികൾ അറിയിച്ചു.

