പാർലമെന്റ് ആക്രമണ കേസ്: മൂന്ന് എം.പിമാർ ഉൾപ്പെടെ 28 പേർക്ക് തടവ്
കുവൈത്ത് സിറ്റി : പാർലമെന്റ് ആക്രമണ കേസിലെ മൂന്ന് എം.പിമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഒന്നു മുതൽ അഞ്ചുവർഷം വരെ തടവ്. രാജ്യത്ത് കലഹവും അസ്വസ്ഥതയും സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നതിന് 28 പ്രതികൾക്കാണ് അഞ്ചുവർഷം കഠിനതടവ് വിധിച്ചതെന്ന് കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം എം.പിമാരായ വലീദ് അൽ തബ്തബാഇ, ജമാൽ അൽ ഹർബാഷ്, മുൻ എം.പി മുസല്ലം അൽ ബറാക് എന്നിവർക്ക് ഏഴുവർഷവും മുഹമ്മദ് അൽ മാതർ എം.പിക്ക് ഒരു വർഷവും തടവ് വിധിച്ചതായി വാർത്താ ഏജൻസികൾ പറയുന്നു.
പ്രതികളുടെ അഭാവത്തിലാണ് കോടതിവിധിയെന്നും അതിനെതിരെ അപ്പീൽ പോകുമെന്നും പ്രതിഭാഗം അഭിഭാഷകൻ യൂസഫ് അൽ ഹർബാഷ് അറിയിച്ചു. 2011ൽ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് നാസർ അൽ മുഹമ്മദ് അൽ സബാഹിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിനിടെയാണ് എം.പിമാരുടെ നേതൃത്വത്തിൽ പാർലിമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറിയത്.
സർക്കാർ വിരുദ്ധ നിലപാടുകാരായിരുന്ന സംഘം പാർലമെന്റിൽ ഇരച്ചുകയറുന്നതിനിടെ കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയതായും പരാതിയുണ്ടായിരുന്നു. അഴിമതി ആരോപണം ശക്തമായ സാഹചര്യത്തിൽ ഷെയ്ഖ് നാസർ പിന്നീട് രാജിവച്ചൊഴിയുകയും ചെയ്തു.
പാർലമെന്റ് മന്ദിരത്തിൽ ഇരച്ചുകയറിയതിന് ജയിൽ ശിക്ഷ വിധിക്കപ്പെട്ട മുസല്ലം അൽ ബറാക് കുവൈത്ത് അമീറിനെ അവഹേളിച്ചുവെന്ന കേസിൽ രണ്ടു വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ആണ് അദ്ദേഹം ജയിൽ മോചിതനായത്. ഇരുപത്തിമൂന്ന് പ്രതികൾക്ക് മൂന്നുവർഷമാണ് തടവ്.
പോലീസുകാരെ അപകടത്തിൽ പെടുത്താൻ ശ്രമിച്ചുവെന്നതിന് ഏതാനും പേർക്ക് രണ്ടുവർഷം തടവുണ്ട്. അഞ്ചു പേർക്ക് രണ്ടു വർഷവും പത്തുപേർക്ക് ഒരു വർഷം വീതവും തടവ് വിധിച്ചു. രണ്ടുപേരെ കുറ്റവിമുക്തരാക്കിയതായും കുവൈത്ത് വാർത്താ ഏജൻസി അറിയിച്ചു.


