ബഹ്റൈനിലെ ഇമാമുമാർക്കും മുഅദ്ദിനുകൾക്കും പൊതുമേഖലാ ശമ്പള സ്കെയിൽ ഉറപ്പാക്കാൻ നിയമനിർമ്മാണ നീക്കം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ പള്ളികളിൽ സേവനമനുഷ്ഠിക്കുന്ന സ്വദേശികളായ ഇമാമുമാർ, മുഅദ്ദിനുകൾ, പള്ളി പരിപാലകർ (മസ്ജിദ് കെയർടേക്കർമാർ) എന്നിവരെ സർക്കാരിന്റെ പൊതുമേഖലാ ശമ്പള ഘടനയ്ക്ക് കീഴിൽ കൊണ്ടുവരാൻ പാർലമെന്റിൽ നീക്കം. യുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനും മതപരമായ തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ സാമ്പത്തികവും തൊഴിൽപരവുമായ നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള ബിൽ ചൊവ്വാഴ്ച പാർലമെന്റ് ചർച്ച ചെയ്ത് വോട്ടിനിടും.
പാർലമെന്റിന്റെ ഭേദഗതി ചെയ്ത നിർദ്ദേശത്തെ അടിസ്ഥാനമാക്കി സർക്കാർ തയ്യാറാക്കിയ കരട് ബില്ലിന് ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റി ഏകകണ്ഠമായി തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇമാമുമാരുടെയും മുഅദ്ദിനുകളുടെയും മതപരവും വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങളെ അംഗീകരിക്കുന്നതാണ് ഈ നിയമനിർമ്മാണമെന്ന് കമ്മിറ്റി ചെയർമാൻ എം.പി. അബ്ദുൾഹക്കീം അൽ ഷെനോ വ്യക്തമാക്കി. സമൂഹത്തിന് മാർഗ്ഗനിർദ്ദേശം നൽകുന്നതിലും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ഇവർ വഹിക്കുന്ന പങ്ക് അർഹമായ സാമ്പത്തിക-തൊഴിൽ അംഗീകാരം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിർദ്ദിഷ്ട നിയമപ്രകാരം, ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ള മുഴുവൻ സമയ ബഹ്റൈനി ഇമാമുമാരെ ഒന്നിലധികം ഷിഫ്റ്റുകളുള്ള തസ്തികകൾക്കായുള്ള പൊതുമേഖലാ ശമ്പള സ്കെയിലിലെ ഗ്രേഡ് എട്ടിൽ നിയമിക്കും. സമാനമായ അക്കാദമിക് യോഗ്യതയുള്ള മുഴുവൻ സമയ ബഹ്റൈനി മുഅദ്ദിനുകൾക്കും പള്ളി പരിപാലകർക്കും ഗ്രേഡ് ഏഴ് ശമ്പള സ്കെയിൽ ലഭിക്കും. മികച്ച യോഗ്യതയോ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് ഉയർന്ന ഗ്രേഡിൽ നിയമനം നൽകാനും ബിരുദാനന്തര ബിരുദമോ (മാസ്റ്റേഴ്സ്) ഡോക്ടറേറ്റോ ഉള്ളവർക്ക് പ്രത്യേക അക്കാദമിക് അലവൻസ് നൽകാനും വ്യവസ്ഥയുണ്ട്. (നേരത്തെ മാസ്റ്റേഴ്സിന് 100 ദിനാറും ഡോക്ടറേറ്റിന് 150 ദിനാറും നിശ്ചയിച്ചിരുന്ന തുക കമ്മിറ്റി ഭേദഗതിയിലൂടെ ഒഴിവാക്കിയിട്ടുണ്ട്).
കൂടാതെ, സ്ഥാനക്കയറ്റം, വാർഷിക ഇൻക്രിമെന്റ്, അവധി എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ സിവിൽ സർവീസ് നിയമവും ചട്ടങ്ങളും ഈ മൂന്ന് വിഭാഗങ്ങൾക്കും ബാധകമാകും. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിയമിതരായവർക്ക് പുതിയ അക്കാദമിക് യോഗ്യതാ നിബന്ധനകൾ ബാധകമായിരിക്കില്ല; പകരം അവരുടെ പ്രവൃത്തിപരിചയം പരിഗണിച്ചായിരിക്കും ആനുകൂല്യങ്ങൾ നൽകുക.
അതേസമയം, ഈ നിർദ്ദേശത്തിനെതിരെ സർക്കാരും നീതിന്യായ-ഇസ്ലാമിക കാര്യ-എൻഡോവ്മെന്റ് മന്ത്രാലയവും സിവിൽ സർവീസ് ബ്യൂറോയും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. 2004-ൽ മന്ത്രിസഭ അംഗീകരിച്ച 23 ആർട്ടിക്കിളുകൾ അടങ്ങുന്ന പ്രത്യേക ചട്ടങ്ങൾ നിലവിലുള്ളതിനാൽ പുതിയൊരു നിയമത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാരിന്റെ വാദം. പുതിയ നിയമം പൊതുമേഖലയിൽ ഒരു സമാന്തര തൊഴിൽ സംവിധാനം സൃഷ്ടിക്കുമെന്നും ജീവനക്കാരുടെ നിയമനത്തിലും ബജറ്റ് വിനിയോഗത്തിലും സർക്കാരിനുള്ള നിയന്ത്രണം കുറയ്ക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. വിരമിച്ചവരുടെയും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെയും നിലവിലുള്ള പെൻഷൻ-കരാർ വ്യവസ്ഥകളെ ഇത് ബാധിച്ചേക്കാമെന്നും, നമസ്കാര സമയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇവരുടെ ജോലി സമയം സാധാരണ പൊതുമേഖലാ ഷിഫ്റ്റുകളിൽ നിന്ന് വ്യത്യസ്തമാണെന്നും സർക്കാർ വ്യക്തമാക്കി.
എന്നാൽ, എതിർപ്പുകൾക്കിടയിലും ബില്ലുമായി മുന്നോട്ട് പോകാനാണ് പാർലമെന്ററി സമിതിയുടെ തീരുമാനം.
fgdfg


