പൊതുതാൽപ്പര്യത്തിന് ഭീഷണിയാകുന്ന വിദേശ ഡ്രൈവർമാരെ നാടുകടത്താൻ വ്യവസ്ഥയുണ്ടെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: അപകടകരമായ രീതിയിൽ വാഹനമോടിച്ച് പൊതുതാൽപ്പര്യത്തിന് ഭീഷണിയാകുന്ന വിദേശ ഡ്രൈവർമാരെ കോടതി ഉത്തരവില്ലാതെ തന്നെ ബഹ്‌റൈനിൽ നിന്ന് നാടുകടത്താൻ നിലവിലുള്ള നിയമങ്ങൾ അധികാരികൾക്ക് അധികാരം നൽകുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന വിദേശികൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മന്ത്രാലയത്തിന്റെ ഈ വിശദീകരണം.

ഇമിഗ്രേഷൻ ആൻഡ് റെസിഡൻസ് നിയമത്തിലെ ആർട്ടിക്കിൾ 25 പ്രകാരം, ഗതാഗത നിയമലംഘനങ്ങൾ ഉൾപ്പെടെ പൊതുതാൽപ്പര്യത്തിന് ഹാനികരമായ രീതിയിൽ പെരുമാറുന്ന വിദേശികളെ നാടുകടത്താൻ അധികാരികൾക്ക് സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വിദേശ ഡ്രൈവർമാരെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്തണമെന്ന പാർലമെന്ററി നിർദ്ദേശം ചർച്ചയ്ക്ക് വരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം.

എം.പി. ഇമാൻ ഷുവൈറ്റർ സമർപ്പിച്ച ഈ നിർദ്ദേശത്തിന് പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ഏകകണ്ഠമായ പിന്തുണ നൽകിയിട്ടുണ്ട്. പീനൽ കോഡ്, 2014-ലെ ട്രാഫിക് നിയമം എന്നിവ പ്രകാരം വിദേശികളെ നാടുകടത്താൻ ഉത്തരവിടാൻ ജഡ്ജിമാർക്കും അധികാരമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. എന്നാൽ, ഗതാഗത നിയമലംഘനങ്ങൾക്ക് നാടുകടത്തൽ നിർബന്ധമാക്കുന്നതിനെ മന്ത്രാലയം ചോദ്യം ചെയ്തു. ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, പല ഗതാഗത അപകടങ്ങളും അശ്രദ്ധ മൂലമാണ് സംഭവിക്കുന്നതെന്ന് മന്ത്രാലയം വാദിച്ചു. കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും പരിഗണിച്ച് നാടുകടത്താൻ ഉത്തരവിടാനുള്ള വിവേചനാധികാരം നിലവിൽ തന്നെ കോടതികൾക്കുണ്ടെന്ന് നീതിന്യായ മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം, മരണത്തിനും ഗുരുതരമായ പരിക്കുകൾക്കും കാരണമാകുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിക്കുന്ന വിദേശികൾക്കെതിരെ കർശന നടപടി അനിവാര്യമാണെന്നാണ് നിർദ്ദേശം മുന്നോട്ടുവെച്ച എം.പി.മാരുടെ നിലപാട്. ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളുടെ പേരിൽ നാടുകടത്തപ്പെടുന്നവർക്ക് പിന്നീട് ബഹ്‌റൈനിലേക്ക് മടങ്ങിവരുന്നതിന് വിലക്കേർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മുൻകരുതൽ-സുരക്ഷാ നടപടിയായാണ് നാടുകടത്തലിനെ കാണേണ്ടതെന്ന് എം.പി. ഇമാൻ ഷുവൈറ്റർ പറഞ്ഞു.

article-image

sdfsf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed