കെ.പി.ഡബ്ല്യൂ.എ കേരള ചാപ്റ്റർ പ്രഥമ സംസ്ഥാനതല ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : ആഗോള തലത്തിൽ രാഷ്ട്രീയ സാമുദായിക പ്രാദേശിക ഭേദമെന്യെ പ്രവാസികളുടെയും മുൻ പ്രവാസികളുടെയും പുനരധിവാസ ലക്ഷ്യവുമായി 9 രാജ്യങ്ങളിലും കേരളത്തിലും പ്രവർത്തിക്കുന്ന കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ (കെ.പി.ഡബ്ല്യൂ.എ) നവംബർ 26നു തൃശ്ശൂരിൽ പ്രഥമ സംസ്ഥാനതല ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. 14 ജില്ലയിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിൽ കെ.പി.ഡബ്ല്യൂ.എ യുടെ വിഷൻ 2018, 100 ദിന ദ്രുതകർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു.
മുഖ്യധാര സംഘടനാ സംസ്കാരങ്ങൾക്ക് വിരുദ്ധമായി 2016 ഒക്ടോബർ 30നു വാട്സപ്പ് വഴി ആരംഭിച്ച കൂട്ടായ്മ ഇന്ന് നാട്ടിൽ രെജിസ്റ്റർ ചെയ്ത സൊസൈറ്റിയായി മുന്നേറുന്നു എന്നും താലൂക്ക് / പഞ്ചായത്ത് തലത്തിൽ മുൻ പ്രവാസികളെ സംഘടിപ്പിച്ച് പുനരധിവാസ ചെറുകിട വ്യവസായങ്ങൾക്ക് തുടക്കം കുറിക്കാൻ പ്രാരംഭ ചർകകൾ ആരംഭിച്ചു എന്നും സംസ്ഥാന അഡ്ഹോക്ക് പ്രസിഡന്റ് ശ്രീ ഹാഷിം മുണ്ടോൻ അറിയിച്ചു. അടഞ്ഞു കൊണ്ടിരിക്കുന്ന പ്രവാസ വാതിലുകൾക്കപ്പുറം നിലനിൽപ്പിന്നായി ഒരുമിക്കാൻ സമയമായി എന്ന തിരിച്ചറിവ് വ്യാപകമായി പ്രവാസിയിൽ ഉണ്ട് എന്നതിന്റെ തെളിവാണു ഒരു വർഷം കൊണ്ട് കെ.പി.ഡബ്ല്യൂ.എ യുടെ വളർച്ച സൂചിപ്പിക്കുന്നത് എന്ന് സമ്മേളനത്തെ ഫോണിൽ അഭിസംബോധന ചെയ്ത് ഗ്ലോബൽ കോർ അഡ്മിൻ ചെയർമാൻ ശ്രീ മുബാറക്ക് കാമ്പ്രത്ത് ഉണർത്തിച്ചു.
ജില്ലാ സംസ്ഥാനതലത്തിൽ കമ്മറ്റി വിപുലീകരണവും പരമാവധി പഞ്ചായത്ത് രൂപീകരണവും 12 മാർച്ച് 2018 നകം പൂർത്തിയാക്കി സമ്മർദ്ദ ശക്തിയായ് നിന്ന് അവകാശങ്ങൾ നേടിയെടുക്കും വിധം പ്രവാസിയെ പ്രാപ്തനാക്കാൻ കെ.പി.ഡബ്ല്യൂ.എ പ്രതിജ്ഞാബദ്ധമാണു എന്ന് കോട്ടയം ജില്ലാ രക്ഷാധികാരിയും സ്ഥാപക കോർ അഡ്മിന്മാരിൽ ഒരാൾ കൂടെയായ ശ്രി ബേബിച്ചൻ അറിയിച്ചു. കൃഷി, നിർമ്മാണം,കച്ചവടം , സംഭരണ വിതരണ മേഖലകളിലെല്ലാം കെ.പി.ഡബ്ല്യൂ.എ യ്ക്ക് പ്രകടനം കാഴ്ചവെക്കാനാകും എന്ന് യോഗം വിലയിരുത്തി. ജില്ലാ ഭാരവാഹികളുടെ റിപ്പോർട്ട് അവതരണം പൂർത്തുയാക്കിയ ശേഷം സ്റ്റേറ്റ് അഡ് ഹോക്ക് സെക്രെറ്ററി നിസ്സാം പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.


