കടകളുടെ ബോർഡുകളിലെ അറബിക്ക് അക്ഷരത്തെറ്റുകൾക്കെതിരെ എം.പി; വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളുടെ മൂലധന വ്യവസ്ഥകൾ കർശനമാക്കണമെന്ന് ആവശ്യം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ കടകളുടെ ബോർഡുകളിൽ അടിസ്ഥാനപരമായ അറബി വാക്കുകൾ പോലും തെറ്റായി എഴുതുന്നത് വ്യാപകമായതോടെ രൂക്ഷവിമർശനവുമായി പാർലമെന്റ് അംഗം മുഹമ്മദ് അൽ ഒലൈവി രംഗത്ത്. രാജ്യത്തെ സൈനേജ് നിയമങ്ങൾ വ്യാപാരികൾ പരസ്യമായി ലംഘിക്കുകയാണെന്നും, വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളുടെ നിയന്ത്രണത്തിലുള്ള വലിയ വീഴ്ചകളാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാണിജ്യ സ്ഥാപനങ്ങളുടെ ബോർഡുകളിൽ ആദ്യം അറബിയിലും തുടർന്ന് ഇംഗ്ലീഷിലുമാണ് പേര് രേഖപ്പെടുത്തേണ്ടതെന്ന് എം.പി. ചൂണ്ടിക്കാട്ടി. എന്നാൽ പല കടകളും ഈ അടിസ്ഥാന നിബന്ധന പോലും പാലിക്കുന്നില്ല. നട്‌സും സുഗന്ധവ്യഞ്ജനങ്ങളും വിൽക്കുന്ന ഒരു കടയുടെ ബോർഡിൽ രണ്ട് അറബി വാക്കുകളും തെറ്റായി എഴുതിയിരിക്കുന്നത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ സാഹചര്യത്തെ 'പരസ്യ അരാജകത്വം' എന്നാണ് വിശേഷിപ്പിച്ചത്. ഭാഷാ നിബന്ധനകൾ നിലനിൽക്കെ ഇത്തരം ബോർഡുകൾക്ക് എങ്ങനെയാണ് അംഗീകാരം ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു.
കടകളുടെ ബോർഡുകൾക്കപ്പുറം വിദേശ ഉടമസ്ഥതയിലുള്ള ബിസിനസ്സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളിലെ പോരായ്മകളും അൽ ഒലൈവി ഉന്നയിച്ചു. ബഹ്‌റൈനിൽ സജീവമായ 90,000-ത്തിലധികം കൊമേഴ്‌സ്യൽ രജിസ്ട്രേഷനുകളിൽ 17,373 എണ്ണം, അതായത് ഏകദേശം 19 ശതമാനവും പൂർണ്ണമായും വിദേശ ഉടമസ്ഥതയിലുള്ളവയാണ്. പൂർണ്ണമായും വിദേശ ഉടമസ്ഥതയിലുള്ള ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾക്ക് നിലവിൽ മിനിമം മൂലധന നിബന്ധനകൾ ഇല്ലാത്തതിനാൽ വളരെ ചെറിയ തുകയ്ക്ക് പോലും കമ്പനികൾ തുടങ്ങാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
13 ഏഷ്യൻ സ്വദേശികൾ ചേർന്ന് വെറും 50 ബഹ്‌റൈൻ ദിനാർ മൂലധനത്തിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്ത സംഭവം പാർലമെന്ററി അന്വേഷണത്തിൽ കണ്ടെത്തിയതായി അദ്ദേഹം ഓർമ്മിപ്പിച്ചു. 13 പേർ ചേർന്ന് 50 ദിനാർ മൂലധനത്തിൽ ഒരു കമ്പനി തുടങ്ങുന്നതിൽ എന്ത് യുക്തിയാണുള്ളതെന്ന് ചോദിച്ച അദ്ദേഹം, ഇത്തരം കമ്പനികൾ വഴി എത്രത്തോളം വർക്ക് പെർമിറ്റുകളും വിദേശ തൊഴിലാളികളെയുമാണ് രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കുന്നതെന്ന ആശങ്കയും പങ്കുവെച്ചു.
വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള ഉപാധിയായി മാത്രം കൊമേഴ്‌സ്യൽ രജിസ്ട്രേഷനുകൾ ഉപയോഗിക്കുന്നത് തടയാൻ ശക്തമായ സാമ്പത്തിക നിബന്ധനകളും സൂക്ഷ്മപരിശോധനയും അനിവാര്യമാണ്. ഇതിനായി ഇത്തരം കമ്പനികളുടെ മിനിമം മൂലധന പരിധി 1,00,000 ബഹ്‌റൈൻ ദിനാറായി ഉയർത്താൻ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ ഉടമസ്ഥതയിലുള്ള ബിസിനസ്സ് സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രതയും സൈനേജ് നിയമങ്ങളുടെ പാലനവും ഉറപ്പാക്കാൻ കർശന പരിശോധനകൾ നടത്തണമെന്നും എം.പി. ആവശ്യപ്പെട്ടു.
dfgdg


