ബഹ്റൈനിൽ നൈറ്റ് ഷിഫ്റ്റ്, ഓൺ-കോൾ ജീവനക്കാർക്ക് 10% അധിക അലവൻസ് ഉറപ്പാക്കാൻ നിയമഭേദഗതി വരുന്നു
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ സ്വകാര്യ മേഖലയിൽ രാത്രികാല ഷിഫ്റ്റുകളിലും (Night-shift) ഓൺ-കോൾ (On-call / Job Standby) അടിസ്ഥാനത്തിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ കുറഞ്ഞത് 10 ശതമാനമെങ്കിലും അധിക അലവൻസ് നിർബന്ധമാക്കുന്ന നിയമഭേദഗതി പാർലമെന്റ് പരിഗണിക്കുന്നു. ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റിന്റെ പ്രതിവാര സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ ചർച്ച ചെയ്യും.
രാത്രികാല ജോലികൾ ജീവനക്കാരുടെ ഉറക്കത്തെയും കുടുംബ-സാമൂഹിക ജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് വിലയിരുത്തിയാണ് ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ നിയമനിർമ്മാണം. 2012-ലെ സ്വകാര്യ മേഖലാ തൊഴിൽ നിയമത്തിലെ (Law 36 of 2012) ആർട്ടിക്കിൾ 50 ഭേദഗതി ചെയ്യുന്നതിനായി ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റി വൈസ് ചെയർമാൻ എം.പി. ജലാൽ കാദെം അൽ മഹ്ഫൂദാണ് ബിൽ അവതരിപ്പിച്ചത്. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർ വലിയ ത്യാഗങ്ങളാണ് സഹിക്കുന്നതെന്നും അവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാനാണ് 10 ശതമാനം മിനിമം അലവൻസ് നിർദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോ. മുഹമ്മദ് അൽ ഒലൈവി എം.പി. അധ്യക്ഷനായ പാർലമെന്റിന്റെ സർവീസസ് കമ്മിറ്റി ഈ നിർദ്ദേശത്തിന് ഏകകണ്ഠമായ പിന്തുണ നൽകിയിട്ടുണ്ട്. തൊഴിലുടമകളുടെ ഇഷ്ടാനുസരണം വിട്ടുകൊടുക്കാതെ ജീവനക്കാർക്ക് വ്യക്തമായ നിയമപരമായ അവകാശം ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ ഫെഡറേഷൻ ഓഫ് ബഹ്റൈൻ ട്രേഡ് യൂണിയൻസും (GFBTU) ഭേദഗതിയെ സ്വാഗതം ചെയ്തു. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്തിട്ടും അലവൻസ് നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്നും, ഓവർടൈം വേതനം പോലെ ഇതും നിയമപരമാക്കണമെന്നും ട്രേഡ് യൂണിയൻ ആവശ്യപ്പെട്ടു.
അതേസമയം, തൊഴിൽ മന്ത്രാലയവും ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും നിർദ്ദിഷ്ട ഭേദഗതിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത അലവൻസ് നിർബന്ധമാക്കുന്നത് ചെറുകിട-ഇടത്തരം സംരംഭങ്ങളെ (MSMEs) എങ്ങനെ ബാധിക്കുമെന്ന് വിശദമായി പഠിക്കേണ്ടതുണ്ടെന്ന് തൊഴിൽ-നിയമകാര്യ മന്ത്രി യൂസഫ് ഖലഫ് ചൂണ്ടിക്കാട്ടി. നിലവിൽ പല കമ്പനികളും 10 ശതമാനത്തിലധികം അലവൻസ് നൽകുന്നുണ്ടെന്നും, നിയമപരമായി 10 ശതമാനം നിശ്ചയിക്കുന്നത് നിലവിലുള്ള ആനുകൂല്യങ്ങൾ കുറയ്ക്കാൻ ചില തൊഴിലുടമകളെ പ്രേരിപ്പിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിർബന്ധിത അധിക ചെലവുകൾ ബിസിനസുകളുടെ നിലനിൽപ്പിനെയും വിദേശ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെയും ബാധിക്കുമെന്നാണ് ബഹ്റൈൻ ചേംബറിന്റെ നിലപാട്.
നിയമഭേദഗതി ഭരണഘടനാപരമായി സാധുവാണെന്ന് ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച പാർലമെന്റ് ബിൽ അംഗീകരിക്കുകയാണെങ്കിൽ, ആറ് മാസത്തിനുള്ളിൽ കൃത്യമായ നിയമനിർമ്മാണ കരട് തയ്യാറാക്കുന്നതിനായി ഇത് സർക്കാരിന് കൈമാറും.
sfsf


