ബഹ്റൈനിൽ നീന്തൽക്കുളങ്ങളുടെ സുരക്ഷ കർശനമാക്കാൻ നീക്കം; സ്വകാര്യ വീടുകളിലേതടക്കമുള്ള കുളങ്ങളിൽ സുരക്ഷാ വേലികളും അലാറങ്ങളും നിർബന്ധമാക്കാൻ നിർദ്ദേശം
പ്രദീപ് പുറവങ്കര
മനാമ: വേനൽക്കാലം എത്തുന്നതിന് മുന്നോടിയായി ബഹ്റൈനിലെ നീന്തൽക്കുളങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ പുതിയ നിർദ്ദേശം. സ്വകാര്യ വീടുകൾ മുതൽ ഹോട്ടലുകൾ, സ്പോർട്സ് ക്ലബ്ബുകൾ എന്നിവയിലെ നീന്തൽക്കുളങ്ങളിൽ സുരക്ഷാ വേലികൾ (ബാരിയറുകൾ), അപകട മുന്നറിയിപ്പ് അലാറങ്ങൾ, അടിയന്തര രക്ഷാപ്രവർത്തന ഉപകരണങ്ങൾ എന്നിവ നിർബന്ധമാക്കണമെന്നാണ് പ്രധാന ആവശ്യം.
മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികൾ നീന്തൽക്കുളങ്ങളിൽ ഇറങ്ങുന്നതുമൂലമുണ്ടാകുന്ന അപകടങ്ങളും മുങ്ങിമരണങ്ങളും ഒഴിവാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ്, മുനിസിപ്പൽ റെഗുലേറ്റർമാർ, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ലൈസൻസിംഗ്-പരിശോധനാ വിഭാഗങ്ങൾ, പൊതുജനാരോഗ്യ-സുരക്ഷാ അതോറിറ്റികൾ, ടൂറിസം-ഹോട്ടൽ-കായിക മേഖലകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നു.
ഏതൊക്കെ തരം നീന്തൽക്കുളങ്ങളാണ് പുതിയ നിയമത്തിന്റെ പരിധിയിൽ വരികയെന്ന് നിശ്ചയിക്കാനും കുറഞ്ഞ സുരക്ഷാ മാനദണ്ഡങ്ങളും സാങ്കേതിക നിബന്ധനകളും രൂപീകരിക്കാനും ബന്ധപ്പെട്ട അതോറിറ്റികളോട് ആവശ്യപ്പെടും. ലൈസൻസുകൾ നൽകുന്നതിലും പുതുക്കുന്നതിലും ഈ സുരക്ഷാ വ്യവസ്ഥകൾ ഉൾപ്പെടുത്താനും കൃത്യമായ പരിശോധനകളിലൂടെ ഇവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിർദ്ദേശമുണ്ട്. നിയമം നടപ്പിലാക്കുന്നതിനുള്ള അന്തിമ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും, ആവശ്യമായ പഠനങ്ങൾ നടത്തി ഉചിതമായ നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കാനാണ് നിർദ്ദേശം മുന്നോട്ടുവെക്കുന്നത്.
ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് അംഗം ഡോ. ബഷാർ അഹമ്മദിയാണ് ഈ നിർദ്ദേശം സമർപ്പിച്ചത്. മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലെങ്കിൽ നീന്തൽക്കുളങ്ങൾ വലിയ അപകടസാധ്യതയായി കണക്കാക്കേണ്ടതുണ്ടെന്നും, കുട്ടികളെ നിരീക്ഷിക്കാൻ മുതിർന്നവരെ മാത്രം ആശ്രയിക്കുന്നത് പര്യാപ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർദ്ദേശപ്രകാരം നീന്തൽക്കുളങ്ങളുടെ ഉടമകളും നടത്തിപ്പുകാരും സാഹചര്യങ്ങൾക്കനുസരിച്ച് വിവിധ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടിവരും. കുട്ടികൾ ഒറ്റയ്ക്ക് കുളത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ അനുയോജ്യമായ ഗേറ്റുകളുള്ള വേലികളോ സുരക്ഷാ ബാരിയറുകളോ സ്ഥാപിക്കണം. സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും കുട്ടികളെ എപ്പോഴും നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഓർമ്മിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ വെക്കുന്നതിനൊപ്പം, ആരെങ്കിലും വെള്ളത്തിൽ വീണാൽ ഉടൻ തിരിച്ചറിയാൻ സാധിക്കുന്ന സുരക്ഷാ അലാറങ്ങളും സ്ഥാപിക്കേണ്ടതുണ്ട്.
കൂടാതെ, കുളത്തിന്റെ വശങ്ങളിൽ തെന്നിവീഴാത്ത (Non-slip) പ്രതലങ്ങൾ ഒരുക്കുകയും, കുളം ഉപയോഗിക്കാത്ത സമയങ്ങളിൽ സുരക്ഷിതമായ കവറുകളോ മറ്റ് സംരക്ഷണ സംവിധാനങ്ങളോ ഉപയോഗിച്ച് മൂടിവെക്കുകയും വേണം. ലൈഫ് ബോയുകൾ, വെള്ളത്തിൽ വീഴുന്നവരെ പുറത്തെടുക്കാനുള്ള ഉപകരണങ്ങൾ തുടങ്ങിയ രക്ഷാപ്രവർത്തന സാമഗ്രികൾ എപ്പോഴും ലഭ്യമാക്കാനും നിർദ്ദേശമുണ്ട്. സ്വകാര്യ വീടുകൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ, ഹോട്ടലുകൾ, ക്ലബ്ബുകൾ, മറ്റ് പൊതു-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ നിബന്ധനകൾ ബാധകമായിരിക്കുമെന്ന് ഡോ. അഹമ്മദി വ്യക്തമാക്കി.
കുട്ടികൾക്ക് സുരക്ഷാ ക്രമീകരണങ്ങളില്ലാതെ നീന്തൽക്കുളങ്ങളിൽ എത്താൻ കഴിയുന്ന സാഹചര്യം ഗൗരവകരമാണെന്ന് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തറാദ പറഞ്ഞു. സ്വകാര്യ വീടുകളിലെ കുളങ്ങളും ഹോട്ടലുകളിലെയും ക്ലബ്ബുകളിലെയും കുളങ്ങളും തമ്മിലുള്ള വ്യത്യാസം കണക്കിലെടുത്ത് ജീവൻ രക്ഷിക്കാൻ ഉതകുന്ന പ്രായോഗികമായ നിയമങ്ങൾ രൂപീകരിക്കുകയാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേനൽക്കാലത്ത് നീന്തൽക്കുളങ്ങളുടെ ഉപയോഗം വർദ്ധിക്കുന്നതിനാൽ, ഉടമകൾക്കും ഉപയോക്താക്കൾക്കും ഇടയിൽ ബോധവൽക്കരണം നടത്തുന്നതും ഏകീകൃത സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതും ഒഴിവാക്കാനാകുന്ന ദുരന്തങ്ങൾ തടയാൻ സഹായിക്കുമെന്ന് ബോർഡ് വൈസ് ചെയർപേഴ്സൺ ഡോ. ഖുലൂദ് അൽ ഖത്താനും അഭിപ്രായപ്പെട്ടു.
dsgg


