കാനഡയിൽ നിന്ന് ഹഷീഷ് കടത്തിയ ആഫ്രിക്കൻ സ്വദേശി ബഹ്റൈനിൽ വിചാരണ നേരിടുന്നു; ബൈക്കിൽ മയക്കുമരുന്ന് വിതരണം ചെയ്തതായി കേസ്


പ്രദീപ് പുറവങ്കര

മനാമ: കാനഡയിൽ നിന്ന് പോസ്റ്റ് വഴി മയക്കുമരുന്ന് വരുത്തി ബൈക്കിൽ രാജ്യത്തുടനീളം വിതരണം ചെയ്തെന്ന കേസിൽ വിദേശി ഹൈക്കരിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. 31 കാരനായ കാമറൂൺ സ്വദേശിയാണ് കേസിൽ പ്രതിയെന്ന് അധികൃതർ അറിയിച്ചു. വ്യാപാര ലക്ഷ്യത്തോടെ കഞ്ചാവും ഹഷീഷും ഇറക്കുമതി ചെയ്തെന്നും കൈവശം വെച്ചെന്നുമാണ് പ്രതിക്കെതിരെയുള്ള കുറ്റം.

കോടതി രേഖകൾ പ്രകാരം, നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ കാനഡയിൽ നിന്ന് പ്രതിയുടെ പേരിലെത്തിയ ഒരു പാർസൽ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. എക്സ്-റേ സ്കാനിംഗിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടതിനെ തുടർന്ന് പാർസൽ തുറന്ന് പരിശോധിച്ചു. വാക്വം സീൽ ചെയ്ത കവറിനുള്ളിൽ 2.38 കിലോഗ്രാം ഭാരമുള്ള ഹഷീഷ് കണ്ടെത്തുകയായിരുന്നു. തുടർന്ന് പാർസൽ കസ്റ്റടയിലെടുക്കുകയും കൂടുതൽ നിയമനടപടികൾക്കായി കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലേക്ക് കൈമാറുകയും ചെയ്തു.

തുടർന്ന് ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് പ്രത്യേക സംഘം രൂപീകരിക്കുകയും, പാർസൽ കൈപ്പറ്റാൻ എത്തിയ സമയത്ത് കാമറൂൺ സ്വദേശിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൻതോതിൽ മയക്കുമരുന്ന് ഇറക്കുമതി ചെയ്ത് ബഹ്‌റൈനിൽ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് ഒരു ഡിറ്റക്ടീവ് പ്രോസിക്യൂഷന് മൊഴി നൽകി.

പാർസലുകൾ കൈപ്പറ്റി, അവ ചെറിയ അളവുകളിലാക്കി മറ്റ് സംഘാംഗങ്ങൾക്ക് വിൽപനയ്ക്കായി നൽകുക എന്നതായിരുന്നു പ്രതിയുടെ ചുമതലയെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. ഇടനിലക്കാർക്കും ഉപഭോക്താക്കൾക്കും മയക്കുമരുന്ന് എത്തിച്ചു നൽകാൻ പ്രതി മോട്ടോർ സൈക്കിളാണ് ഉപയോഗിച്ചിരുന്നത്. വിദേശത്ത് ഒളിവിൽ കഴിയുന്ന 'ഏഷ്യൻ' വംശജനായ ഒരാളാണ് തനിക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പാർസൽ സ്വീകരിച്ച രേഖകളിൽ പ്രതിയുടെ ഒപ്പും ഫോൺ നമ്പറും ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

പ്രതിയുടെ ഭാഗം കേൾക്കുന്നതിനായി വിചാരണ തിങ്കളാഴ്ചത്തേക്ക് മാറ്റി. നിലവിൽ പ്രതി റിമാൻഡിലാണ്.

article-image

sdfsf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed