അടൂര്‍ പ്രകാശ് എല്‍ഡിഎഫ് കണ്‍വീനറോ? മന്ത്രിമാരെ ഗണ്‍പോയിന്റില്‍ നിര്‍ത്താനുള്ള വിവരങ്ങള്‍ കൈവശമുണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍


ശാരിക

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും മന്ത്രി സണ്ണി ജോസഫിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്തെത്തി. കേരളത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കെ സി വേണുഗോപാലിന് സമയമില്ലെന്നും അദ്ദേഹം അറിയാതെ കൂടെയുള്ളവര്‍ പല പ്രസ്താവനകളും നടത്തുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

കേരളത്തില്‍ നടക്കുന്ന ഒരു കാര്യത്തിലും കെ സി വേണുഗോപാല്‍ ഇടപെടുന്നില്ലെന്നും കൂടെ നില്‍ക്കുന്നവരാണ് അദ്ദേഹത്തെ വഷളാക്കുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കേരളത്തില്‍ ഇനിയും ഒരുപാട് സ്ഥാനമോഹികളുണ്ട്. ഇവര്‍ കെ സി വേണുഗോപാല്‍ അറിയാതെ പ്രസ്താവനകള്‍ നടത്തുകയാണ്. ഇവരുടെ താല്പര്യം എന്താണെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും ഇത്തരം പ്രസ്താവനകള്‍ കാരണം മോശമാകുന്നത് കെ സി വേണുഗോപാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കിയാണ് ഓരോരുത്തരും പ്രതികരിക്കേണ്ടത്. യോഗ്യതയുള്ള ഒരുപാട് പേരെ ഒഴിവാക്കിയാണ് പലര്‍ക്കും മന്ത്രിസ്ഥാനം നല്‍കിയതെന്നും അവസരം ലഭിക്കുമ്പോള്‍ അതിനനുസരിച്ച് ഉയരാന്‍ മന്ത്രിമാര്‍ക്ക് കഴിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാ മന്ത്രിമാരെയും ഗണ്‍പോയിന്റില്‍ നിര്‍ത്താനുള്ള കാര്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നും ആറുമാസം കൊണ്ട് അത്ഭുതം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയുടെ കൈവശം അലാവുദീന്റെ അത്ഭുതവിളക്കില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

അടൂര്‍ പ്രകാശിനെതിരെയും രൂക്ഷമായ ഭാഷയിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍ ആണോ അതോ എല്‍ഡിഎഫ് കണ്‍വീനര്‍ ആണോ എന്ന് സംശയമുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. യുഡിഎഫിനെ ആക്രമിക്കേണ്ടത് എല്‍ഡിഎഫ് കണ്‍വീനറുടെ ജോലിയാണ്. ആരോപണം ഉന്നയിക്കുന്നവര്‍ സ്വയം ആത്മപരിശോധന നടത്തണം. നിര്‍ജീവമായ പ്രതിപക്ഷത്തിന് ചില നേതാക്കള്‍ ഔഷധം നല്‍കുകയും അവരുടെ ആവനാഴിയിലേക്ക് ആയുധം നല്‍കുകയുമാണ് ചെയ്യുന്നത്. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ടെങ്കിലും അതിന് യോഗ്യരാണോ എന്ന് സ്വയം പരിശോധിക്കണം. പാര്‍ട്ടിക്ക് പുല്ലുവില കല്‍പ്പിച്ച് ചില കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നവരുണ്ടെന്നും ഈ ഭരണത്തിനെതിരെ ആര് നിന്നാലും ജനങ്ങള്‍ പ്രതികരിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

article-image

േ്്േു

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed