ബഹ്‌റൈനിലെ വളർത്തുമൃഗ പ്രേമികൾക്കായി 'പെറ്റ്മീ' പ്രത്യേക പതിപ്പ് വരുന്നു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ വളർത്തുമൃഗ പ്രേമികൾക്കും മൃഗസംരക്ഷണ മേഖലയിലുള്ളവർക്കുമായി 'പെറ്റ്മീ' (PETME) എന്ന പേരിൽ പ്രത്യേക പ്രതിമാസ പതിപ്പ് പുറത്തിറക്കുന്നതിനായി ബഹ്റൈനിലെ പ്രമുഖ മാധ്യമ സ്ഥാപനമായ സ്ട്രാറ്റജിക് പബ്ലിസിറ്റി ആൻഡ് അഡ്വർടൈസിംഗ് കമ്പനിയും ഓർഫിയസ് കൺസൾട്ടന്റ് ഡബ്ല്യു.എൽ.എല്ലും കരാറിലൊപ്പിട്ടു. ദി ഡെയ്‌ലി ട്രിബ്യൂൺ ദിനപത്രത്തിന്റെയും ഫോർ പി എം ന്യൂസിന്റെയും മാനേജ്‌മെന്റ് കമ്പനിയായ സ്പാക്, അൽ അയ്യാം പബ്ലിഷിംഗ് കമ്പനിയുടെ സഹകരണത്തോടെയാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറക്കുന്നത്.

മാഹൂസിലുള്ള സ്പാക് ആസ്ഥാനത്ത് വെച്ചാണ് കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി. ഉണ്ണികൃഷ്ണൻ, ലീഗൽ അഡ്വൈസർ ഗൗതം കൃഷ്ണ, മിഡിൽ ഈസ്റ്റിലെ പ്രമുഖ പെറ്റ് ഷോകളുടെ സംഘാടകരായ എമിറേറ്റ്സ് കെന്നൽ ക്ലബ്, ഷോലൈൻ എഫ്.ഇസഡ് എൽ.എൽ.സി, പെറ്റ് ഫെസ്റ്റിവൽസ് എന്നിവയുടെ ഡയറക്ടർ റീത്ത ലിസ കോട്‌സി, 'പെറ്റ്മീ' മാഗസിൻ ചീഫ് എഡിറ്ററും ഗ്ലോബൽ ക്യാറ്റ് ഫെഡറേഷൻ അംഗവും ഈ രംഗത്ത് 25 വർഷത്തിലധികം പ്രവൃത്തിപരിചയവുമുള്ള ഡോ. ശ്രീ നായർ എന്നിവർ സന്നിഹിതരായിരുന്നു.

ദി ഡെയ്‌ലി ട്രിബ്യൂണിന്റെ പ്രതിമാസ പ്രത്യേക പതിപ്പായി പുറത്തിറങ്ങുന്ന 'പെറ്റ്മീ'യിൽ വളർത്തുമൃഗങ്ങളുടെ ആരോഗ്യം, പോഷകാഹാരം, വെറ്ററിനറി പരിചരണം, ഗ്രൂമിംഗ്, പരിശീലനം, ഉത്തരവാദിത്തമുള്ള വളർത്തൽ, മൃഗക്ഷേമം എന്നിവയെക്കുറിച്ചുള്ള വിദഗ്ധ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തും. കൂടാതെ, പ്രാദേശികതലത്തിലുള്ള വളർത്തുമൃഗ പ്രേമികൾ, ഈ മേഖലയിലെ പ്രൊഫഷണലുകൾ, പെറ്റ് കെയർ ബിസിനസ്സ് സംരംഭകർ എന്നിവരെയും മാഗസിനിലൂടെ പരിചയപ്പെടുത്തും.

വളർത്തുമൃഗങ്ങൾ ഇന്ന് കുടുംബജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ടെന്നും, ഉടമകളെയും പ്രൊഫഷണലുകളെയും മൃഗസ്‌നേഹികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സമർപ്പിത മാധ്യമ പ്ലാറ്റ്‌ഫോമിന് വലിയ സാധ്യതകളുണ്ടെന്നും ചടങ്ങിൽ സംസാരിച്ച പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കേവലമൊരു പ്രസിദ്ധീകരണത്തിനപ്പുറം മൃഗങ്ങളോട് സ്നേഹമുള്ളവർക്ക് അറിവും വിദ്യാഭ്യാസവും നൽകുന്ന, അവരെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു വേദിയൊരുക്കുകയാണ് 'പെറ്റ്മീ'യിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിലുടനീളം വളർത്തുമൃഗ പരിപാലന വ്യവസായത്തിന് വർദ്ധിച്ചുവരുന്ന പ്രാധാന്യം എടുത്തുപറഞ്ഞ റീത്ത ലിസ കോട്‌സി ഈ പങ്കാളിത്തത്തെ സ്വാഗതം ചെയ്തു. മൃഗസ്‌നേഹികൾ, വെറ്ററിനറി ഡോക്ടർമാർ, ബ്രീഡർമാർ, പരിശീലകർ, വ്യവസായ പ്രമുഖർ എന്നിവർക്ക് അറിവുകൾ കൈമാറാൻ കഴിയുന്ന ഒരു സജീവ കൂട്ടായ്മ കെട്ടിപ്പടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, ഈ മേഖലയെയും പൊതുജനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലമായി 'പെറ്റ്മീ' പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.

ഉത്തരവാദിത്തമുള്ള വളർത്തുമൃഗ പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിൽ കൃത്യമായ വിവരങ്ങളുടെ പ്രാധാന്യം ഡോ. ശ്രീ നായർ ഊന്നിപ്പറഞ്ഞു. 25 വർഷത്തിലധികമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക്, വിശ്വസനീയമായ അറിവുകൾ മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധത്തിൽ എത്രത്തോളം മാറ്റമുണ്ടാക്കുമെന്ന് നേരിട്ട് ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിചയസമ്പന്നരായ ഉടമകൾക്കും ആദ്യമായി വളർത്തുമൃഗങ്ങളെ സ്വീകരിക്കുന്ന കുടുംബങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിൽ വിദഗ്ധ നിർദ്ദേശങ്ങളും ആകർഷകമായ ഉള്ളടക്കവും 'പെറ്റ്മീ'യിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വെറ്ററിനറി ക്ലിനിക്കുകൾക്കും പെറ്റ് കെയർ സ്ഥാപനങ്ങൾക്കും വായനക്കാരിലേക്ക് നേരിട്ടെത്താനുള്ള മികച്ച അവസരം കൂടിയാണ് ഈ പ്രസിദ്ധീകരണം.

article-image

dsfsf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed