നിർമ്മിത ബുദ്ധി, ഊർജ്ജ, വ്യവസായ മേഖലകളിൽ തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കാൻ തീരുമാനിച്ച് ബഹ്‌റൈനും ഫ്രാൻസും
പ്രദീപ് പുറവങ്കര
പാരീസ്: നിർമ്മിത ബുദ്ധി (AI), ആധുനിക സാങ്കേതികവിദ്യകൾ, പുനരുപയോഗ ഊർജ്ജം, വ്യാവസായിക വികസനം എന്നീ പുതിയ മേഖലകളിലേക്ക് തന്ത്രപ്രധാന പങ്കാളിത്തം വ്യാപിപ്പിക്കാൻ ബഹ്‌റൈനും ഫ്രാൻസും ഒരുങ്ങുന്നു. പാരീസിൽ വെച്ച് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ നടത്തിയ ഉന്നതതല കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിലും, മുൻകാല ഉന്നതതല സന്ദർശനങ്ങളിലൂടെ രൂപപ്പെട്ട കരാറുകളും പദ്ധതികളും മുന്നോട്ട് കൊണ്ടുപോകുന്നതിലുമാണ് കൂടിക്കാഴ്ച ശ്രദ്ധ കേന്ദ്രീകരിച്ചത്. സാമ്പത്തിക വളർച്ചയ്ക്കും പൗരന്മാർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകമാകുന്ന വളർന്നുവരുന്ന മേഖലകളിൽ സഹകരണത്തിനുള്ള പുതിയ സാധ്യതകൾ തുറക്കേണ്ടതിന്റെ പ്രാധാന്യം പ്രിൻസ് സൽമാൻ ചൂണ്ടിക്കാട്ടി. ഭാവിയിലേക്കുള്ള സഹകരണ മേഖലകളെന്ന നിലയിൽ നിർമ്മിത ബുദ്ധി, ആധുനിക സാങ്കേതികവിദ്യകൾ, പുനരുപയോഗ ഊർജ്ജം എന്നിവയ്ക്ക് ഇരുനേതാക്കളും പ്രത്യേക പ്രാധാന്യം നൽകി.
ബഹ്‌റൈനുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള ഫ്രാൻസിന്റെ പ്രതിബദ്ധത പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവർത്തിച്ചു. വ്യാവസായിക മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകിയ അദ്ദേഹം, അലുമിനിയം ബഹ്‌റൈനുമായി (Alba) സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള സാധ്യതകൾ എടുത്തുപറഞ്ഞു. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക ബന്ധം പുതിയൊരു തലത്തിലേക്ക് ഉയർത്താൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലാ സ്ഥിരത ഉറപ്പാക്കുന്നതിൽ ഫ്രാൻസ് നൽകുന്ന പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും പ്രിൻസ് സൽമാൻ ബഹ്‌റൈന്റെ നന്ദി അറിയിച്ചു. സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിലും സമുദ്രപാതകളുടെയും അന്താരാഷ്ട്ര വ്യാപാരത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിലും അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ഫ്രാൻസ് വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പൊതുതാൽപ്പര്യമുള്ള മറ്റ് വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു.
fgfg


