രണ്ടു ദിവസത്തെ സന്ദര്‍ശനം പൂർത്തിയാക്കി ഉമ്മൻ ചാണ്ടി : കണ്ണീരൊപ്പി മടക്കയാത്ര
കുവൈറ്റ് സിറ്റി : രണ്ടു ദിവസത്തെ സന്ദര്‍ശനം കൊണ്ട് നിരവധി പ്രവാസികള്‍ക്ക് ആശ്വാസം നല്‍കാനും ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. കുവൈറ്റില്‍ കേസുകളില്‍ അകപ്പെട്ട ചില മലയാളികളുടെ പ്രശ്നങ്ങള്‍ അദ്ദേഹം ഫര്‍വാനിയ ഗവര്‍ണറെ ധരിപ്പിച്ചു. അതില്‍ പരിഹാരവും ഉണ്ടാകും എന്നുറപ്പായിട്ടുണ്ട്. 10 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ കുവൈറ്റില്‍ കുടുങ്ങിയ മലയാളി വീട്ടമ്മയെ നാട്ടിലെത്തിക്കാനുള്ള നടപടികളും സ്വീകരിച്ചു.
കോട്ടയത്ത് ഒരു നിര്‍ധന കുടുംബത്തിന് ഒരു വീട് വച്ച്കൊടുക്കാനുള്ള കാര്യത്തിലും ഉമ്മൻ ചാണ്ടി ഈ സന്ദര്‍ശനം വഴി ഉറപ്പുണ്ടാക്കി. നിരപരാധിയായിട്ടും തടവിന് ശിക്ഷിക്കപ്പെട്ട മലയാളി നേഴ്സ് തൊടുപുഴ സ്വദേശി എബിനെ അയാളുടെ താമസസ്ഥലത്ത് പോയി കണ്ടു വിവരങ്ങള്‍ തിരക്കി അക്കാര്യം ഫര്‍വാനിയ ഗവര്‍ണറുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും അദ്ദേഹം ശ്രദ്ധിച്ചു. ഓ ഐ സി സി കാരുണ്യ സ്പര്‍ശം പരിപാടിയുടെ ഭാഗമായി 500 വികലാംഗര്‍ക്കായി 500 വീല്‍ചെയറുകള്‍ വാങ്ങി നല്‍കാനുള്ള പദ്ധതിയുടെ തുകയും ഉമ്മൻ ചാണ്ടി ഏറ്റുവാങ്ങി.
ഒടുവില്‍ ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്കുള്ള വിമാനത്തില്‍ കയറാന്‍ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ സമയം 1.45. എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും ഉമ്മന്‍ചാണ്ടിയെ അറിയുന്നത് കൊണ്ട് അതൊരു തടസമായില്ല. ഒരു കാര്യം ഉറപ്പായി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇങ്ങനൊരാള്‍ വേറെ ഉണ്ടാകില്ല.


