44 മണിക്കൂര്‍ സന്ദര്‍ശനത്തിൽ ഉമ്മന്‍ചാണ്ടി പങ്കെടുത്തത് 71 പരിപാടികളില്‍
കുവൈറ്റ് സിറ്റി : വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്തിയ കുവൈറ്റ് സന്ദര്‍ശനത്തിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുവൈറ്റില്‍ ചിലവഴിച്ചത് അകെ 44. 45 മണിക്കൂര്‍. ഇതിനിടയില്‍ പങ്കെടുത്തത് 71 പരിപാടികളില്‍. മഹാസമ്മേളനങ്ങള്‍ തുടങ്ങി, ഫര്‍വാനിയ ഗവര്‍ണറേറ്റിലെ സന്ദര്‍ശനം ഉള്‍പ്പെടെ, കുടു൦ബ കൂട്ടായ്മകള്‍, ഭവന സന്ദര്‍ശനങ്ങള്‍, ആശുപത്രിയില്‍ രോഗീ സന്ദര്‍ശനങ്ങള്‍ എന്നിവയെല്ലാം ചേര്‍ത്താണ് 71 പരിപാടികള്‍. ഇതിനിടയില്‍ ആയിരത്തിലേറെ പേര്‍ക്കൊപ്പം നിന്ന് അദ്ദേഹം ഫോട്ടോയ്ക്ക് / സെല്‍ഫിക്ക് പോസ് ചെയ്യുകയും ചെയ്തു.
ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിലെ തന്നെ ഒരു അത്ഭുത പ്രതിഭാസമാണ് താനെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നവിധമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കുവൈറ്റ് സന്ദര്‍ശനം. അക്ഷരാര്‍ത്ഥത്തില്‍ കുവൈറ്റിലെ മലയാളി സമൂഹത്തെ ഇളക്കിമറിച്ച സന്ദര്‍ശനം.
വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിക്കായിരുന്നു ഉമ്മന്‍ചാണ്ടി കുവൈറ്റില്‍ വിമാനമിറങ്ങിയത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ തുടങ്ങി വന്‍ തിരക്കായിരുന്നു. അവിടെ നിന്നും നേരെ താമസമൊരുക്കിയിരിക്കുന്ന ക്രൌണ്‍ പ്ലാസയിലേക്ക്. 6 മണിക്ക് അവിടെയെത്തി 2 മണിക്കൂര്‍ ഉറക്കം കഴിഞ്ഞ് 9 മണിക്ക് ആദ്യ പരിപാടിയെന്ന നിലയിലായിരുന്നു ക്രമീകരണം. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, ഏഴു മണിയായിട്ടും അദ്ദേഹത്തിന്റെ മുറിയില്‍ സംഘാടകരുടെ തിരക്ക് കൂടി വരുന്നതേയുള്ളൂ. പകല്‍ മുഴുവന്‍ നേരത്തെ നിശ്ചയിച്ചതും പിന്നീട് വന്നുചേര്‍ന്നതുമായ പരിപാടികള്‍ കൊണ്ട് തിരക്കായിരിക്കും എന്നറിയാമായിരുന്ന മുഖ്യ സംഘാടകന്‍ വര്‍ഗീസ് പുതുക്കുളങ്ങര ഉടന്‍ കൂടി നിന്നവരെ ശാസിച്ചു, "അദ്ദേഹം ഒന്നുറങ്ങട്ടെ, നിങ്ങള്‍ ഒന്ന് പുറത്തേക്ക് ഇറങ്ങ്". ഉടന്‍ ഉമ്മന്‍ചാണ്ടിയുടെ മറുപടിയെത്തി, "ഇപ്പോള്‍ സമയം എന്തായി?". 7 മണിയെന്ന് ഉത്തരം. "ആഹാ.. എല്ലാവരും എഴുന്നേറ്റ് റെഡിയാകുന്ന നേരമായി. ഇനിയെപ്പോള്‍ ഉറങ്ങാനാ. അവരിവിടെ നില്‍ക്കട്ടെ". അദ്ദേഹം കട്ടിലില്‍ ഇരുന്നു. അതോടെ ഒപ്പം ഇരുന്നു ഫോട്ടോ എടുക്കാനുള്ളവരുടെ തിരക്കായി.
പിന്നെ 9 മണി മുതല്‍ പരിപാടികളുടെ കുത്തൊഴുക്കായിരുന്നു. 10.30 മണിക്ക് വാര്‍ത്താ സമ്മേളനം. എന്തോ പുതിയ അറിവെന്നപോലെ സോളാര്‍ വിഷയം ചോദിക്കാനായിരുന്നു ചില മാധ്യമ പ്രവര്‍ത്തകര്‍ക്കെങ്കിലും തിടുക്ക൦. ഇതിനിടയില്‍ ഉയര്‍ന്ന ജനദ്രോഹപരമായ, പെട്രോള്‍ - ഡീസല്‍ വിലവര്‍ധന പോലുള്ള ചോദ്യങ്ങള്‍ക്ക് കണക്കുകളും വസ്തുതകളും ഉയര്‍ത്തി മറുപടിയെത്തി. അതിനിടയിലും ഒരു വിദ്വാന്‍ അത് തടസപ്പെടുത്തി, സര്‍, സോളാര്‍... ? എന്ന ചോദ്യവുമായി എഴുന്നേറ്റു. അദ്ദേഹം പറഞ്ഞുവന്നത് തീര്‍ത്ത ശേഷം സോളാറിനും വൃത്തിയായി മറുപടി പറഞ്ഞാണ് വേദി വിട്ടത്. പക്ഷെ വാര്‍ത്താ സമ്മേളനത്തിന്റെ ഹൈലൈറ്റ് സോളാര്‍ ആക്കി മാറ്റാന്‍ കഴിയാതിരുന്നതില്‍ ആ മാധ്യമ പ്രവര്‍ത്തകന് നിരാശയായി.
അദ്ദേഹം അതിന് കഴുത കാമം കരഞ്ഞു തീര്‍ത്തെന്ന് പറഞ്ഞപോലെ ഫെയ്സ്ബുക്കില്‍ തരംതാണ ഒരു പോസ്റ്റിട്ട് ആ വിഷമം തീര്‍ത്തു. സരിതാമാതായുടെ വാക്കുകളിലും വെളിപ്പെടുത്തലുകളിലും അഗാധമായി വിശ്വസിക്കുന്ന ഒരു സദാചാര വിദ്വാന്റെ എല്ലാ മണവും ഗുണവുമുള്ള പോസ്റ്റിന് തക്ക മറുപടിയും ഫെയ്സ്ബുക്കില്‍ സുലഭമായെത്തി.
ഇതിനിടയില്‍ പൊതുപരിപാടികള്‍ക്ക് പുറമേ കുടുംബ കൂട്ടായ്മകള്‍, ഭവന സന്ദര്‍ശനങ്ങള്‍ എന്നിങ്ങനെ മുന്‍പ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്താതിരുന്ന പരിപാടികളും വീണ്ടും വന്നു ചേര്‍ന്നുകൊണ്ടിരുന്നു. കോട്ടയം അസോസിയേഷന്‍റെ പരിപാടി നടക്കുന്നതിനിടെ ഉമ്മന്‍ചാണ്ടിയെ കുടുംബ കൂട്ടായ്മകളിലേക്ക് ക്ഷണിക്കാനെത്തിയവരോട് വര്‍ഗീസ് പുതുക്കുളങ്ങര ഒടുവില്‍ കയര്‍ത്തു, "ഇപ്പോള്‍ തന്നെ 4 മണിക്കൂര്‍ ലേറ്റാണ്. 4 മണിക്ക് നിശ്ചയിച്ച പരിപാടി 10 മണിക്ക് മാറ്റാന്‍ ഇപ്പോള്‍ പറഞ്ഞതേയുള്ളൂ. ഇനിയും പുതിയ പരിപാടികള്‍ പറ്റില്ല" - വര്‍ഗീസ് തീര്‍ത്തുപറഞ്ഞു.
ഇതുകേട്ട ഉമ്മന്‍ചാണ്ടി ആ സമ്മേളനത്തിലെ പ്രസംഗത്തിനിടെ അതിനും മറുപടി പറഞ്ഞു, "ആരും വിഷമിക്കേണ്ട, നിങ്ങള്‍ വിളിച്ച സ്ഥലത്തൊക്കെ ഞാന്‍ വരും. എനിക്ക് ഫ്ലൈറ്റ് 3 മണിക്കാണ്. അതുവരെ സമയമുണ്ട്". അതോടെ അവര്‍ക്കും ആശ്വാസമായി. പക്ഷെ ആ രാത്രിയിലെ ഉറക്കവും ഉമ്മന്‍ചാണ്ടി ഉപേക്ഷിച്ചു.


