മോഡിയുടെ ‘നേട്ടങ്ങൾ’ രാജ്യത്തിന് കോട്ടങ്ങളായി : ഉമ്മൻ ചാണ്ടി
കുവൈറ്റ് : നരേന്ദ്രമോഡി സർക്കാർ അവകാശപ്പെട്ട വലിയ നേട്ടങ്ങളൊക്കെ രാജ്യത്തിന് വലിയ കോട്ടങ്ങളായി മാറിയെന്ന് കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കള്ളപ്പണവും കള്ളനോട്ടും തീവ്രവാദവും തടയാൻ മോഡി സർക്കാർ നോട്ടു നിരോധനം നടപ്പിലാക്കിയപ്പോൾ പ്രയാസങ്ങൾ പരിഹരിക്കാൻ ജനങ്ങളോട് 55 ദിവസത്തെ സാവകാശമാണ് തേടിയത്. ഒരു വർഷം കഴിഞ്ഞപ്പോൾ സർക്കാർ തന്നെ സമ്മതിച്ചിരിക്കുന്നു രാജ്യത്ത് സാന്പത്തിക മാന്ദ്യമാണെന്ന്. ജനങ്ങൾക്ക് ആകെ അസൗകര്യമായി മാറിയ ഒന്നായിരുന്നു, ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി എന്ന് പറഞ്ഞു നടപ്പിലാക്കിയ ജി.എസ്.ടി. ലോകത്ത് മുഴുവൻ ക്രൂഡ് ഓയിൽ വില കുറച്ചു കൊണ്ടിരുന്നപ്പോൾ ഇന്ത്യയിൽ കുറഞ്ഞ വിലയ്ക്ക് പകരം സർക്കാർ എക്സൈസ് നികുതി കൂട്ടി. അങ്ങനെ ലോകത്ത് ഏറ്റവും അധികം പെട്രോൾ, − ഡീസൽ വിലയുള്ള രാജ്യമായി ഇന്ത്യ മാറി. മോഡി സർക്കാരിൽ ജനത്തിന്റെ പ്രതീക്ഷകൾ മുഴുവൻ തകർന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഇന്നിപ്പോൾ രാജ്യത്തിന്റെ താൽപ്പര്യവും പ്രതീക്ഷയും കോൺഗ്രസും രാഹുൽ ഗാന്ധിയുമാണ്. രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യു.ഡി.എഫിന്റെ ആശയമായിരുന്നു. എന്നാൽ യാത്ര തുടങ്ങിക്കഴിഞ്ഞപ്പോൾ ആ മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തതാണ് കാണാൻ കഴിയുന്നത് അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി.സി പുരസ്കാര സന്ധ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.


