ബുർകിന ഫാസോയിൽ കൊല്ലപ്പെട്ട മതപണ്ധിതൻമാർക്ക് അന്ത്യാഞ്ജലി
കുവൈത്ത് സിറ്റി : ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോയിൽ ഭീകരാക്രമണത്തിൽ മരിച്ച കുവൈത്ത് മതപണ്ധിതരായ ഡോ. വലീദ് അൽ അലി, ഫഹദ് അൽ ഹുസൈനി എന്നിവർക്ക് ആയിരങ്ങളുടെ യാത്രാമൊഴി.
ജീവകാരുണ്യ പ്രവർത്തനവുമായി ബന്ധപ്പെട്ടു ബുർകിനയിൽ എത്തിയ കുവൈത്തിലെ മസ്ജിദുൽ കബീർ ഇമാം ഡോ. വലീദ് അൽ അലി, ഫഹദ് അൽ ഹുസൈനി എന്നിവർ തലസ്ഥാനമായ ഔഗാദുഗുവിൽ രാത്രിഭക്ഷണത്തിനായി കയറിയ റസ്റ്ററന്റിൽ ഇരച്ചുകയറിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
മറ്റ് 16 പേരും മരിച്ചു. ഡോ. വലീദിന്റെയും ഫഹദിന്റെയും മൃതദേഹം ഇന്നലെ പ്രത്യേക വിമാനത്തിൽ കുവൈത്തിലെത്തിച്ചു. വിമാനത്താവളത്തിൽ മന്ത്രിസഭാകാര്യ−വാർത്താവിതരണമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അൽ സബാഹിന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി.
ഇന്നലെ വൈകീട്ട് സുലൈബികാത്തിൽ ജനാസ നമസ്കാരത്തിലും കബറടക്കൽ ചടങ്ങിലും പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം, ഔഖാഫ് മന്ത്രി മുഹമ്മദ് അൽ ജാബ്രി, വാണിജ്യ−വ്യവസായ മന്ത്രി ഖാലിദ് അൽ റൗദാൻ തുടങ്ങി ഷെയ്ഖുമാരും മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ ഒട്ടേറെ പേർ പങ്കാളികളായി. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും പങ്കെടുത്തു.

