കൊച്ചിയിൽ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ഹോട്ടൽ ലൈസൻസ് സസ്‌പെൻഡ് ചെയ്തു


ഷീബ വിജയൻ

കൊച്ചി: കത്രിക്കടവിലുള്ള അൽ റീം കുഴിമന്തി റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മൂന്ന് പേർക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ഈ മാസം 10, 11 തീയതികളിൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളായ മൂന്ന് പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ ശ്രീകേഷ് വ്യക്തമാക്കി. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം ആളുകൾക്കാണ് വയറുവേദന, ഛർദ്ദി, പനി, വയറിളക്കം തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

പരാതി വ്യാപകമായതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ റെസ്റ്റോറന്റിൽ അടിയന്തര പരിശോധന നടത്തുകയും പ്രവർത്തനം നിർത്തിവെപ്പിക്കുകയും ചെയ്തു. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചു. സംഭവത്തിൽ പുണിത്തുറ സ്വദേശി നൽകിയ പരാതിയിൽ നോർത്ത് പൊലീസ് റെസ്റ്റോറന്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോർപ്പറേഷൻ വിതരണം ചെയ്ത കുടിവെള്ളത്തിൽ നിന്നാകാം അണുബാധ ഉണ്ടായതെന്നാണ് ഹോട്ടൽ അധികൃതർ നൽകുന്ന വിശദീകരണമെങ്കിലും, വിശദമായ അന്വേഷണത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

article-image

dfsfgdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed