വീണ്ടും മെസി മാജിക്; ഇംഗ്ലണ്ടിന്റെ ലോകകിരീട മോഹങ്ങൾ തല്ലിക്കെടുത്തി അർജന്റീന ഫൈനലിൽ
ഷീബ വിജയൻ
അറ്റ്‌ലാന്റ: ആറു പതിറ്റാണ്ടിനു ശേഷം ലോകകിരീടം ചൂടാമെന്ന ഇംഗ്ലണ്ടിന്റെ മോഹങ്ങൾ തല്ലിക്കെടുത്തി അർജന്റീന ഫൈനലിൽ പ്രവേശിച്ചു. അറ്റ്‌ലാന്റയിൽ നടന്ന വാശിയേറിയ സെമിഫൈനൽ പോരാട്ടത്തിൽ, അവസാന നിമിഷങ്ങളിൽ നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവിലൂടെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന വിജയമുറപ്പിച്ചത്. മത്സരത്തിന്റെ 84-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീനയുടെ ഈ രാജകീയ മുന്നേറ്റം.
കളിയുടെ തുടക്കം മുതൽ ഇംഗ്ലീഷ് നിര മികച്ച ആധിപത്യം പുലർത്തിയെങ്കിലും അർജന്റീനയുടെ പ്രതിരോധം ശക്തമായിരുന്നു. ആദ്യ പകുതിയിൽ ഇരുടീമുകളും പരുക്കൻ അടവുകൾ പുറത്തെടുത്തതോടെ നിരവധി ഫൗളുകൾ നടന്നു. ഇതിനിടെ ഇംഗ്ലണ്ടിന്റെ എലിയറ്റ് ആൻഡേഴ്സണും അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടീനസും മഞ്ഞക്കാർഡ് കണ്ടു. ആദ്യ പകുതിയിൽ ഇരുവർക്കും ഗോൾ നേടാനായില്ല.
രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ ഇംഗ്ലണ്ട് 55-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. മോർഗൻ റോജേഴ്സിന്റെ ക്രോസിൽ നിന്ന് ആന്തണി ഗോർഡനാണ് അർജന്റീനയുടെ വല കുലുക്കിയത്. ഗോൾ വഴങ്ങിയതോടെ കളി കടുപ്പിച്ച അർജന്റീന നിരന്തരം ഇംഗ്ലീഷ് ഗോൾമുഖം ആക്രമിച്ചു. ഒടുവിൽ 85-ാം മിനിറ്റിൽ ക്യാപ്റ്റൻ മെസിയുടെ പാസിൽ നിന്ന് എൻസോ ഫെർണാണ്ടസ് തൊടുത്ത ലോങ് റേഞ്ചർ ഇംഗ്ലീഷ് കീപ്പർ പിക്‌ഫോർഡിനെ കാഴ്ചക്കാരനാക്കി വലയിലെത്തി. തുടർന്ന് ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ മെസിയുടെ ക്രോസിൽ തലവെച്ച് ലൗട്ടാരോ മാർട്ടീനസ് അർജന്റീനയുടെ വിജയഗോൾ കണ്ടെത്തി. ഇതോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് അർജന്റീന മാർച്ച് ചെയ്തു. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 12.30ന് ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ അർജന്റീന സ്പെയിനിനെ നേരിടും.
dfsadfsdsf

