14 വർഷം നീണ്ട കരിയറിന് അവസാനം; ഇതിഹാസ താരം സാദിയോ മാനേ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
ശാരിക l കായികം
സെനഗാൾ ഫുട്ബോൾ ഇതിഹാസം സാദിയോ മാനേ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പിൽ നിന്ന് സെനഗാൾ പുറത്തായതിന് തൊട്ടുപിന്നാലെയാണ് 34-കാരനായ താരം വിരമിക്കൽ തീരുമാനം അറിയിച്ചത്. ഇതോടെ 14 വർഷം നീണ്ടുനിന്ന ഒരു സുവർണ്ണ കരിയറിനാണ് വിരാമമാകുന്നത്. സെനഗാൾ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം, ടോപ് സ്കൂറർ എന്നീ തിളക്കമാർന്ന റെക്കോർഡുകളോടെയാണ് മാനേ ദേശീയ കുപ്പായം അഴിച്ചുവെക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ കളി നിർത്തിയെങ്കിലും സൗദി പ്രോ ലീഗ് ക്ലബായ അൽ-നസറിന് വേണ്ടി താരം ക്ലബ് ഫുട്ബോളിൽ തുടർന്നും കളിക്കും. ഭാവിയിൽ കോച്ചിങ് അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് റോളുകളിൽ സെനഗാൾ ഫുട്ബോളിനെ സേവിക്കാൻ താൽപര്യമുണ്ടെന്നും താരം വ്യക്തമാക്കി.
വിരമിക്കൽ കുറച്ചുകാലമായി തന്റെ ചിന്തയിലുണ്ടായിരുന്നുവെന്നും പുതിയ തലമുറയ്ക്ക് അവസരം നൽകേണ്ട സമയമാണിതെന്നും രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ മാനേ പറഞ്ഞു. 2012-ൽ അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച മാനേ, രാജ്യത്തിനായി 130 മത്സരങ്ങളിൽ നിന്ന് 54 ഗോളുകൾ നേടി സെനഗാളിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി മാറി. 29 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. 2021-ൽ ഈജിപ്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സെനഗാളിന് ആദ്യമായി ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് (AFCON) കിരീടം നേടിക്കൊടുക്കുന്നതിൽ മാനേ നിർണ്ണായക പങ്കുവഹിച്ചു. ആ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരവും മാനേയ്ക്കായിരുന്നു. പിന്നീട് 2025-ൽ മൊറോക്കോയെ തോൽപ്പിച്ച് സെനഗാൾ വീണ്ടും ആഫ്രിക്കൻ ചാമ്പ്യന്മാരായെങ്കിലും, വിവാദങ്ങൾക്കൊടുവിൽ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബാൾ (CAF) മൊറോക്കോയെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു.
ഈ ലോകകപ്പിൽ ഫ്രാൻസ്, നോർവേ, ഇറാഖ് എന്നിവരടങ്ങിയ കടുത്ത ഗ്രൂപ്പിലായിരുന്നു സെനഗാൾ. ഫ്രാൻസിനോടും നോർവേയോടും തോറ്റെങ്കിലും ഇറാഖിനെ പരാജയപ്പെടുത്തി മികച്ച മൂന്നാം സ്ഥാനക്കാരായി അവർ നോക്കൗട്ടിലെത്തി. പ്രീക്വാർട്ടറിൽ ബെൽജിയത്തിനെതിരെ അവസാന അഞ്ച് മിനിറ്റ് വരെ 2-0-ന് മുന്നിട്ടുനിന്ന ശേഷമായിരുന്നു 3-2-ന്റെ അപ്രതീക്ഷിത തോൽവിയോടെ സെനഗാൾ പുറത്തായത്. സെനഗാൾ ഫുട്ബോൾ ഫെഡറേഷനിലെ ആഭ്യന്തര പ്രശ്നങ്ങൾ കനക്കുന്നതിനിടയിലാണ് മാനേയുടെ ഈ വിരമിക്കൽ പ്രഖ്യാപനം. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലെയും ലോകകപ്പ് യോഗ്യതയിലെയും സമ്മാനത്തുക ലഭിച്ചിട്ടും കളിക്കാർക്ക് ബോണസ് നൽകാത്തതും, യു.എസിലെ ലോകകപ്പ് ക്യാമ്പിൽ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളായ സാദിയോ മാനേ, ദേശീയ ടീമിനായി ഒട്ടേറെ അഭിമാനനേട്ടങ്ങൾ സമ്മാനിച്ചാണ് കളം വിടുന്നത്.
്ിു്ിു

