വന്ദേമാതരത്തിന് മുൻഗണന, ജനഗണമന രണ്ടാമത്; കടുത്ത ചട്ടങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഷീബ വിജയൻ
ദേശീയഗീതമായ 'വന്ദേമാതര'വും ദേശീയഗാനമായ 'ജനഗണമന'യും ആലപിക്കുമ്പോഴും സംഗീതം കേൾപ്പിക്കുമ്പോഴും കൃത്യമായ സ്ക്രിപ്റ്റും ഉച്ചാരണവും ശൈലിയും കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. ഔദ്യോഗിക വെബ്സൈറ്റിൽ ഇതിനായുള്ള ശരിയായ പദപ്രയോഗങ്ങളും ഉച്ചാരണ രീതികളും ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ ഔദ്യോഗിക ചടങ്ങുകളിൽ ഇവ എങ്ങനെ, എപ്പോൾ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് മന്ത്രാലയം വ്യക്തമായ മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനവേളകൾ, ഗവർണർമാരുടെ പദവി സംബന്ധിച്ച പരിപാടികൾ, ഔദ്യോഗിക പരേഡുകൾ തുടങ്ങി എവിടെയൊക്കെ, ഏത് സാഹചര്യത്തിലാണ് ഇവ ആലപിക്കേണ്ടതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. വന്ദേമാതരം ആലപിക്കുമ്പോൾ സദസ്സ് നിർബന്ധമായും എഴുന്നേറ്റ് നിന്ന് ശ്രദ്ധയോടെ ആദരവ് പ്രകടിപ്പിക്കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം, ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങൾ, കൃത്യം മൂന്ന് മിനിറ്റ് പത്ത് സെക്കൻഡ് ദൈർഘ്യത്തിൽ ആലപിക്കണം. ദേശീയഗാനവും ദേശീയഗീതവും ഒരുമിച്ച് വരുന്ന സന്ദർഭങ്ങളിൽ, വന്ദേമാതരം ആദ്യം ആലപിച്ച ശേഷം ജനഗണമന പാടണമെന്നാണ് നിർദ്ദേശം.
കൂടാതെ, സംസ്ഥാന ഗാനങ്ങൾ പാടുകയാണെങ്കിൽ അത് ദേശീയ ഗീത-ഗാനങ്ങൾക്ക് ശേഷമേ പാടാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ദേശീയഗാനത്തിന്റെ പദങ്ങളിലും സംഗീതത്തിലും ഭരണകൂടം അനുവദിക്കുന്ന മാറ്റങ്ങൾ ഒഴികെ മറ്റൊന്നും വരുത്താൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ സംസ്ഥാന ഗാനങ്ങളെ ദേശീയഗീതത്തിനും ഗാനത്തിനും ശേഷം മാത്രം പരിഗണിക്കുന്നത്, ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്താനും കേന്ദ്രീകൃതമായ ദേശീയതക്ക് മേൽക്കൈ നൽകാനും ലക്ഷ്യമിട്ടുള്ളതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 'ജനഗണമന' മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും പ്രതീകമായി നിൽക്കുമ്പോൾ, വന്ദേമാതരത്തിന് കൂടുതൽ ഔദ്യോഗിക പ്രാധാന്യം നൽകുന്നത് ബി.ജെ.പി സർക്കാറിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും വിമർശനമുണ്ട്. ഇത്തരം മർഗനിർദേശങ്ങൾ വന്ദേമാതരത്തെ ഹിന്ദുത്വ ദേശീയതയുടെ പ്രതീകമായി ഉയർത്തിക്കാട്ടാനുള്ള ശ്രമമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. ജനഗണമനയോടുള്ള ആദരവ് നിലനിർത്തിക്കൊണ്ടുതന്നെ വന്ദേമാതരത്തിന് കൂടുതൽ പ്രചാരവും ഔദ്യോഗിക പ്രാധാന്യവും നൽകുന്നത്, രാജ്യത്തെ ജനങ്ങളിൽ ഒരു പ്രത്യേക ഐഡന്റിറ്റി അടിച്ചേൽപ്പിക്കാനുള്ള തന്ത്രമായിട്ടാണ് വിമർശകർ കരുതുന്നത്.
adswdasdfs

