ബഹ്‌റൈനിൽ വൻ മയക്കുമരുന്ന് വേട്ട; ഒന്നര മില്യൺ ദിനാർ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്ത് വിൽപനയ്‌ക്കായി എത്തിച്ച നൂറ് കിലോഗ്രാമിലധികം മരിജുവാനയും ഹാഷിഷുമായി മൂന്ന് പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക്സിന് കീഴിലുള്ള ആന്റി നാർക്കോട്ടിക് വിഭാഗമാണ് ഈ വൻ ലഹരിവേട്ട നടത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഏകദേശം 15 ലക്ഷം (ഒന്നര മില്യൺ) ബഹ്‌റൈനി ദിനാർ വിലമതിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇറാനിൽ നിന്ന് "ഡെഡ് മെയിൽ" (Dead Mail) എന്ന രഹസ്യ രീതിയിലൂടെയാണ് മയക്കുമരുന്ന് ബഹ്‌റൈനിലേക്ക് കടത്തിയിരുന്നത്. സമാനമായ രീതിയിൽ തന്നെയാണ് ഇവ രാജ്യത്തിനകത്ത് വിതരണം ചെയ്തിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കേസിനെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ലഭിച്ചാലുടൻ ലഹരി വിരുദ്ധ വിഭാഗം ഊർജ്ജിതമായ അന്വേഷണം ആരംഭിക്കുകയും തെളിവുകൾ ശേഖരിച്ച് പ്രതികളെ വലയിലാക്കുകയുമായിരുന്നു.
മയക്കുമരുന്നിന് പുറമെ, വിവിധ രാജ്യങ്ങളിലെ കറൻസികൾ, വിതരണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, കടത്തിനായി ഉപയോഗിച്ച രണ്ട് ബോട്ടുകൾ എന്നിവയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത തൊണ്ടിമുതലുകൾ കണ്ടുകെട്ടുകയും പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. രാജ്യത്തെ ലഹരിമുക്തമാക്കുന്നതിനും കടത്തുസംഘങ്ങളെ അടിച്ചമർത്തുന്നതിനുമുള്ള കർശന നടപടികൾ തുടരുമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു.
sfsf




