ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകൾ വിറ്റാൽ സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കുമെന്നു മന്ത്രി വീണാ ജോർജ്

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകൾ വിറ്റാൽ സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കുമെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിൽ ഇ. ചന്ദ്രശേഖരന്‍റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ആന്‍റിബയോട്ടിക് വിതരണം പരിശോധിക്കാനായി ഓപ്പറേഷൻ അമൃത് നടത്തുന്നുണ്ട്. ശാസ്ത്രീയമായ ആന്‍റിബയോട്ടിക് ഉപയോഗം ആശുപത്രികൾ ഉറപ്പാക്കണം. അല്ലാത്തവയുടെ വിവരങ്ങൾ സർക്കാർ പ്രസിദ്ധീകരിക്കും.
2024ഓടെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്‍റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കും. ആന്‍റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം കാരണം രോഗാണുക്കൾക്ക് പ്രതിരോധശേഷിയുണ്ടാവുന്ന ആന്‍റി മൈക്രോബിയൽ റെസിസ്റ്റൻസ് മൂലം 2050 ആവുന്പോൾ ലോകത്ത് ഒരു കോടി ആളുകൾ മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. നിശബ്ദ മഹാമാരി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും മാസത്തിലൊരിക്കൽ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് നടത്തും. ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ ശാസ്ത്രീയമായി സംസ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
dfdf