ആറര വര്‍ഷമായി മര്‍ദിക്കുന്നു, വൃത്തിയില്ലെന്ന് പറഞ്ഞ് നിലത്തിട്ട് ചവിട്ടും; തേവ­ല­ക്ക­ര­യിലെ വയോധികയുടെ വെളിപ്പെടുത്തല്‍


കൊല്ലം തേവലക്കരയില്‍ വയോധികയെ മരുമകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ആറര വര്‍ഷത്തോളമായി മരുമകള്‍ തന്നെ തുടര്‍ച്ചയായി ഉപദ്രവിച്ചുവരികയാണെന്ന് 80 വയസുകാരിയായ ഏലിയാമ്മ വര്‍ഗീസ് വെളിപ്പെടുത്തി. വൃത്തിയില്ലെന്ന കാരണം പറഞ്ഞാണ് മരുമകള്‍ മഞ്ജുമോള്‍ തോമസ് തന്നെ മര്‍ദിക്കാറ്. ഇടയ്ക്കിടെ വീട്ടില്‍ പൂട്ടിയിടാറുമുണ്ട്. മര്‍ദനത്തിനിടെ താന്‍ നിലത്തേക്ക് വീണാല്‍ നിലത്തിട്ട് ചവിട്ടാറുണ്ട്. തന്റെ മകന്‍ ജെയ്‌സിനേയും മരുമകള്‍ മര്‍ദിക്കാറുണ്ടെന്ന് വയോധിക വെളിപ്പെടുത്തി.

ഹയര്‍ സെക്കന്ററി അധ്യാപികയായ മഞ്ജുമോളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ മരുമകള്‍ മഞ്ജു മോളിന്റെ മക്കളെ ബന്ധുക്കളുടെ സംരക്ഷണയില്‍ വിട്ടു.

നാലുമാസം മുന്‍പ് വൃദ്ധയ്ക്ക് മര്‍ദനമേറ്റ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്. ഇതിനുശേഷവും മരുമകള്‍ വയോധികയെ മര്‍ദിക്കാറുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏലിയാമ്മയുടെ പേരിലുള്ള വസ്തു എഴുതി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കസേരയിലിരുന്ന വയോധികയെ മരുമകള്‍ പിടിച്ചുതള്ളുന്നതായും വയോധിക നിലത്തേക്ക് മറിഞ്ഞുവീഴുന്നതായും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിക്കാണാം. മകന്‍ വീട്ടിലില്ലായിരുന്ന സമയത്താണ് തനിക്ക് നേരെ മര്‍ദനമുണ്ടാകുന്നതെന്ന് ഏലിയാമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

article-image

SAADSADSDSADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed