കൈവെട്ട് കേസ്: മൂന്നുപ്രതികൾക്ക് ജീവപര്യന്തം


ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻസ് കോളജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവ്. കൊച്ചിയിലെ എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.

2010 മാർച്ച് 23 നാണ് പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രൊഫസർ ടി.ജെ ജോസഫിനെ ആക്രമിക്കുന്നത്. സംഭവം നടന്ന് 12 വർഷങ്ങൾക്കുശേഷം കേസിൽ രണ്ടാം ഘട്ട വിചാരണ പൂർത്തിയായി. ടി ജെ ജോസഫിന്റെ കൈ വെട്ടിയ ശേഷം വർഷങ്ങളോളം ഒളിവിൽ താമസിച്ച പ്രതികളെ അറസ്റ്റ് ചെയ്താണ് വെവ്വേറെ കുറ്റപത്രം എൻ.ഐ.എ സമർപ്പിച്ചത്. ആദ്യ ഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട് 37 പേരെ പ്രതി ചേർത്താണ് എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇതിൽ 11 പേർക്ക് ശിക്ഷ വിധിക്കുകയും, 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.
തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇൻറേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിൻറെ കൈവെട്ടിയത്. പോപ്പുലർ ഫ്രണ്ടാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും എൻ ഐ എയും കണ്ടെത്തി. കൃത്യത്തിന് വിദേശത്തുനിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പ്രതികൾക്ക് സംഭവത്തിന് മുൻപും ശേഷവും പ്രദേശിക പിന്തുണകിട്ടിയെന്നുമാണ് കണ്ടെത്തൽ.

You might also like

Most Viewed