ലൈഫ് മിഷന്‍ അഴിമതിയിൽ മുഖ്യആസൂത്രകന്‍ എം.ശിവശങ്കർ; ജാമ്യാപേക്ഷ തള്ളണം: ഇ.ഡി

ലൈഫ് മിഷന്‍ അഴിമതിയിലെ മുഖ്യ ആസൂത്രകന്‍ എം.ശിവശങ്കറെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഹൈക്കോടതിയിൽ. കേസിൽ ഇ.ഡിയുടെ വാദം പൂർത്തിയായി. ഹർജിക്കാരന്റെ മറുപടി വാദത്തിനായാണ് ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റിയത്. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇഡി കോടതിയിൽ അറിയിച്ചു.സ്വപ്നയുടെയുൾപ്പെടെ വാട്ട്‌സാപ്പ് ചാറ്റുകളും സന്തോഷ് ഈപ്പന്റയടക്കമുള്ള ബാങ്ക് ഇടപാടുകളും ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്നും ഇ.ഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
ലൈഫ് മിഷൻ കരാർ ക്രമക്കേടിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്നായിരുന്നു ശിവശങ്കറിന്റെ ആദ്യ വാദമെന്നും ഇഡി ഹൈക്കോടതിയിൽ വാദത്തിനിടെ ചൂണ്ടിക്കാട്ടി. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ സഹകരിക്കാതെയായി. അഴിമതിയിലൂടെ ലഭിച്ച പണം ഡോളറാക്കി കടത്തിയെന്നാണ് കേസ്. വിദേശ സംഭാവന നിയന്ത്രണ ചട്ടം, കള്ളപ്പണം തടയൽ നിയമ പ്രകാരവും ഇ.ഡിയ്ക്ക് സ്വതന്ത്രമായി അന്വേഷണം നടത്താമെന്നും സത്യവാങ്മൂലത്തിൽ ഇഡി വ്യക്തമാക്കി.
ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. വീണ്ടും ശിവശങ്കർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടേക്കും. രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തെയും ബാധിക്കുന്ന കുറ്റകൃത്യമാണ് കള്ളപ്പണം വെളുപ്പിക്കലെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളണമെന്നും ഇ.ഡി വാദിച്ചു.
yfrtyfrtyr