നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ല; പോയത് എംബി മുരളീധരൻ ഭാരവാഹിയായ ക്ഷേത്ര ചടങ്ങിന്; ഇപി ജയരാജൻ

കൊച്ചിയിലെത്തിയ താൻ മുൻ കോൺഗ്രസ് നേതാവിന്റെ ക്ഷണം സ്വീകരിച്ച് ക്ഷേത്ര ചടങ്ങിന് പോയതാണെന്ന് എൽഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ. അവിടെയെത്തിയപ്പോൾ ഒരു അമ്മയെ ആദരിക്കണമെന്ന് ആവശ്യപ്പെട്ടു. അത് നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ലായിരുന്നുവെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. താൻ കൊച്ചിയിലുള്ളപ്പോൾ കോൺഗ്രസിന്റെ എറണാകുളം ജനറൽ സെക്രട്ടറിയായിരുന്ന എംബി മുരളീധരൻ വിളിച്ചിരുന്നു. അദ്ദേഹം ഭാരവാഹിയായിട്ടുള്ള വൈറ്റില വെണ്ണലയിലെ ക്ഷേത്രത്തിൽ വരാന്‍ കഴിയുമോയെന്ന് ചോദിച്ചു. അവിടെയെത്തിയപ്പോൾ കെവി തോമസും ഉണ്ടായിരുന്നു. ക്ഷേത്രത്തിലേക്ക് കയറാതെ ഒരു ഭാഗത്തേക്ക് ഞങ്ങൾ ഇരുന്നു. അങ്ങനെയാണ് ക്ഷേത്രത്തിലെ മുതിർന്ന ഒരാളെ ആദരിക്കണമെന്ന് ആവശ്യപ്പെടുന്നത്. അതിലും വിരോധമില്ലെന്ന് പറഞ്ഞു. അങ്ങനെ അവർ പറഞ്ഞത് പ്രകാരം ഒരു അമ്മയെ ആദരിച്ചു.
അതേസ്ഥലത്ത് നന്ദകുമാറും ഉണ്ടായിരുന്നു. ശേഷം അവിടെ നിന്നും ഭക്ഷണം കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്ന് ഇ.പി ജയരാജൻ വിശദീകരിച്ചു. ഈ സംഭവത്തെയാണ് തെറ്റായി വ്യാഖ്യാനിച്ചത്. മാധ്യമ നടപടി അപലപനീയവും മനുഷ്യത്വരഹിതവുമാണ്. തന്നെ വിശ്വസിച്ച് കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് വന്നയാളാണ് മുരളീധരന്‍. പിടി തോമസിന്റേയും കോണ്‍ഗ്രസിന്റേയും വിശ്വസ്തനായിരുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു.
അതേസമയം ജയരാജനെ താൻ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കൊച്ചിയിൽ മറ്റൊരു പരിപാടിക്കെത്തിയപ്പോഴാണ് അദ്ദേഹം ക്ഷേത്രത്തിൽ വന്നതെന്നും നന്ദകുമാർ പ്രതികരിച്ചു. 'ഇപി ജയരാജനെ അമ്പലത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. അമ്മയെ ആദരിക്കുന്ന ചടങ്ങ് നേരത്തെ കഴിഞ്ഞിരുന്നു. മുഖ്യമന്ത്രിയെയും ഇപി ജയരാജനെയും ഈ പരിപാടിക്ക് ക്ഷണിച്ചിരുന്നു. അന്ന് ഇരുവർക്കും എത്താന്‍ സാധിച്ചില്ല. കൊച്ചിയിൽ മറ്റൊരു പരിപാടിക്ക് എത്തിയപ്പോഴാണ് ഇപി ക്ഷേത്രത്തിൽ വന്നത്. അദ്ദേഹം വന്നത് ഭക്ഷണം കഴിക്കാൻ ആണ്', നന്ദകുമാർ പ്രതികരിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാതെ ഇപി ജയരാജൻ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തുവെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. യാത്ര ആരംഭിച്ചതിന് തലേദിവസമായിരുന്നു ഇപി കൊച്ചിയിൽ എത്തിയത്. സന്ദർശനത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായല്ല കൊച്ചിയിൽ പോയതെന്ന് ഇപി ജയരാജനും പ്രതികരിച്ചു.
dfhgdfhf