ഇസ്രായേലിലേക്ക് കൃഷി വകുപ്പ് അയച്ച കര്‍ഷകരില്‍ ഒരാളെ കാണാനില്ല

സംസ്ഥാന കൃഷി വകുപ്പ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ഇസ്രായേലിലേക്കയച്ച കര്‍ഷകരില്‍ ഒരാളെ കാണാതായി. 27 പേരില്‍ ഒരാളെയാണ് കാണാതായിരിക്കുന്നത്. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് ഇസ്രായേല്‍ ഹെര്‍സ്‌ലിയയിലെ ഹോട്ടലില്‍നിന്ന് കാണാതായത്. 17ന് രാത്രിയോടെ ആണ് അദ്ദേഹത്തെ കാണാതായത്.രാത്രി ഭക്ഷണം കഴിക്കുന്നതിനായി മറ്റൊരു ഹോട്ടലിലേക്ക് പോകുന്നതിനായി സംഘത്തിലെ മറ്റെല്ലാവരും എത്തിയ സ്ഥലത്ത് ബിജു എത്തിയില്ല. തുടര്‍ന്നാണ് അദ്ദേഹത്തെ കാണാനില്ലെന്ന് സംഘത്തിലുളളവര്‍ക്ക് മനസിലായത്.
ബിജുവിന്റെ കൈയ്യില്‍ പാസ്‌പോര്‍ട്ടടങ്ങിയ ഒരു ബാഗ് കണ്ടതായി കൂടെ ഉണ്ടായിരുന്ന ചിലര്‍ പറഞ്ഞു. വിവരം ഉടന്‍ തന്നെ ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ഇസ്രായേല്‍ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ ബിജുവിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ സംഭവം അറിയിച്ചു. ഒപ്പം ഇന്ത്യന്‍ അംബാസിഡര്‍ക്കും വിവരങ്ങള്‍ കൈമാറി. ഇസ്രായേലിയന്‍ വിസയുടെ കാലാവധി മേയ് എട്ട് വരെ ഉണ്ട്. ബിജുവിനെ കണ്ടെത്തുന്നതിനായി ഇസ്രായേലി പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
gdghdh