കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ ഉല്ലാസയാത്ര; കർശന നടപടിയെന്ന് റവന്യൂമന്ത്രി

പത്തനംതിട്ട കോന്നി താലൂക്ക് ഓഫീസിൽ കൂട്ട അവധിയെടുത്ത് ജീവനക്കാർ വിനോദയാത്ര പോയ സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. കുറ്റക്കാരായ ജീവനക്കാരെ സർക്കാർ സംരക്ഷിക്കില്ല. അന്വേഷണത്തിന് പത്തനംതിട്ട കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റവന്യുമന്ത്രി വ്യക്തമാക്കി.
‘ജീവനക്കാർ കൂട്ട അവധിയെടുത്തത് ഗുരുതര വിഷയമാണ്. സംഭവത്തിൽ കളക്ടറോട് റിപ്പോർട്ട് തേടി. വിശദ റിപ്പോർട്ട് അഞ്ച് ദിവസത്തിനകം നൽകണം. പ്രാഥമിക റിപ്പോർട്ട് ഇന്ന് തന്നെ നൽകാന്‍ നിർദേശം നൽകിയിട്ടുണ്ട്. വിശദമായ റിപ്പോർട്ടിന് ശേഷം തുടർ നടപടിയെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
കോന്നി താലൂക്ക് ഓഫീസിൽ 20 ജീവനക്കാർ ലീവ് എടുക്കാതെയും 19 ജീവനക്കാർ ലീവിന് അപേക്ഷ നൽകിയും ആണ് മൂന്നാറിലേക്ക് ടൂറിന് പോയത്. വിവിധ ആവശ്യങ്ങൾക്ക് മലയോരമേഖലകളിൽ നിന്ന് ആളുകൾ എത്തി ഓഫീസിന് പുറത്ത് കാത്തിരുന്നപ്പോൾ ആയിരുന്നു ജീവനക്കാരുടെ ഈ വിനോദയാത്രയ്ക്ക് പോക്ക്. കാത്തിരുന്ന ആളുകൾ കാര്യം നടക്കാതിരുന്നതോടെ ഓഫീസിൽ നിന്ന് മടങ്ങുകയും ചെയ്തു.
സംഭവമറിഞ്ഞ കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ സ്ഥലത്തെത്തി ഓഫീസിലെ രജിസ്റ്റർ പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥരുടെ തട്ടിപ്പ് പ്രതീക്ഷിച്ചതും അപ്പുറമാണ് കണ്ടെത്തി. 19 ജീവനക്കാരാണ് അനധികൃതമായി ഇന്ന് ജോലിക്ക് ഹാജരാകാതിരുന്നത്. 20 പേർ മൂന്നാറിലേക്ക് വിനോദയാത്രയ്ക്കും പോയി.
എംഎൽഎയുടെ പല ചോദ്യങ്ങൾക്കും മറുപടിയില്ലാതെ ഡെപ്യൂട്ടി തഹസിൽദാർ വിയർത്തു. ഓഫീസ് രജിസ്റ്ററിൽ നടന്ന തിരുമറിയും എംഎൽഎ കയ്യോടെ പിടികൂടി. അവധിക്കായി നൽകിയ അപേക്ഷകളിൽ പോലും ഒരേ കയ്യക്ഷരം ആയിരുന്നുവെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. ജീവനക്കാർ ടൂർ പോയതിനെ തുടർന്ന് സാധാരണക്കാർക്ക് ഭൂമി ലഭ്യമാക്കാന്‍ മന്ത്രിയുടെ നിർദ്ദേശാനുസരണം എംഎൽഎ വിളിച്ചു ചേർത്ത യോഗവും ഇന്ന് മാറ്റിവെച്ചു. ജീവനക്കാരുടെ ധിക്കാരപരമായ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല എന്ന് കോന്നി എംഎൽഎ പറഞ്ഞു.
rtyt