യുഡിഎഫ് സംസ്ഥാന കമ്മറ്റി യോഗം കൊച്ചിയിൽ; കെ.സുധാകരൻ ഇല്ല

കൊച്ചിയിൽ നടക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പങ്കെടുക്കുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് യോഗത്തിൽ കെ സുധാകരൻ എത്താത്തതെന്നാണ് ലഭിക്കുന്ന വിവരം. രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുക്കുന്നില്ല. നേതാക്കളുടെ സൗകര്യം പോലും നോക്കാതെയാണ് യോഗം തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തലയ്ക്ക് പരാതിയുണ്ട്. കഴിഞ്ഞ യുഡിഎഫ് യോഗത്തിലും രമേശ് ചെന്നത്തല പങ്കെടുത്തിരുന്നില്ല.
യോഗത്തിൽ ചെയർമാനും കണ്‍വീനർക്കും പുറമേ കോണ്‍ഗ്രസ് പ്രതിനിധികളായി കെ മുരളീധരനും ബെന്നി ബഹന്നാനും മാത്രമാണ് പങ്കെടുക്കുന്നത്. അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണവും ഇതേത്തുടർന്ന് കെ സുധാകരൻ നടത്തിയ പ്രസ്താവനയും യോഗത്തിൽ ചർച്ചയാകും. പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം എന്നിവർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇപി ജയരാജൻ വിഷയത്തിൽ സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ വിഷയം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. എകെ ആന്റണിയുടെ മൃദു ഹിന്ദുത്വ നിലപാടിൽ നേതാക്കൾ വ്യത്യസ്ത അഭിപ്രായം പറഞ്ഞതും ഘടകകക്ഷികളിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യം ഘടക കക്ഷികളും യോഗത്തിൽ ഉന്നയിക്കും.
ബഫർ സോണ്‍ വിഷയത്തിൽ കെ റെയിലിന് സമാനമായിട്ടുള്ള സമരപരിപാടികൾ ഉണ്ടാകുമെന്ന് നേരത്തെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ജനങ്ങളെ ഒപ്പം നിർത്തി പരിപാടികൾ എങ്ങനെ വേണമെന്നും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും.
മിപിപി