തെക്കൻ കേരളത്തിലെ നേതാക്കൾ കൊള്ളില്ല; വിവാദ പരാമർശവുമായി കെ. സുധാകരൻ


തെക്കൻ കേരളത്തിനെതിരേ വിവാദ പരാമർശവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. തെക്കൻ കേരളത്തിന് പ്രശ്നങ്ങളും കുറവുകളുമുണ്ട്. തെക്കൻ കേരളത്തിലെയും വടക്കൻ കേരളത്തിലെയും രാഷ്ട്രീയത്തിനും വ്യത്യാസങ്ങളുണ്ടെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞു. കേരളത്തിന്‍റെ തെക്കൻ മേഖലയിലും മലബാർ മേഖലയിലുമുള്ള രാഷ്ട്രീയക്കാർ തമ്മിൽ എത്ര വ്യത്യാസമുണ്ടെന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തോടായിരുന്നു സുധാകരന്‍റെ വിവാദ പരാമർശം. ഇതിന് ചരിത്രപരമായ കാരണമുണ്ടെന്ന് പറഞ്ഞ് തുടങ്ങിയ സുധാകരന്‍, താന്‍ ഒരു കഥ പറയാം എന്ന് പറയുന്നു.

രാവണനെ കൊലപ്പെടുത്തി ലങ്കയില്‍ നിന്നും രാമനും, ലക്ഷ്മണനും, സീതയും പുഷ്പക വിമാനത്തില്‍ മടങ്ങുകയായിരുന്നു. പുഷ്പക വിമാനം കേരളത്തിന്‍റെ തെക്കന്‍ ഭാഗത്തിന് മുകളിലൂടെ പോകുമ്പോള്‍ ലക്ഷ്മണന് രാമനെ വിമാനത്തില്‍ നിന്നും തള്ളിയിട്ട് സീതയെയും കൊണ്ട് കടന്നുകളയാന്‍ ചിന്ത വന്നു. എന്നാല്‍ തൃശൂരിന് മുകളില്‍ എത്തിയപ്പോള്‍ ലക്ഷ്മണന് ആ ചിന്ത ഇല്ലാതായി. ലക്ഷ്മണന് പശ്ചാത്താപം തോന്നി. അപ്പോള്‍ രാമന്‍ അനുജന്‍റെ തോളില്‍ പിടിച്ച് പറഞ്ഞു. ഞാന്‍ നിന്‍റെ മനസ് വായിച്ചു. അത്തരം ആലോചന നിന്‍റെ തെറ്റ് അല്ല, അത് നമ്മള്‍ സഞ്ചരിച്ച് വന്ന മണ്ണിന്‍റെ പ്രശ്നമാണ്.- ഈ കഥയാണ് കെ സുധാകരന്‍ ഉദ്ധരിച്ചത്.

കേരളത്തിൽ പാർട്ടികളുടെ തലപ്പത്ത് മലബാറിൽ നിന്നുള്ള നേതാക്കളാകാൻ കാരണം മലബാർ സ്വദേശികളുടെ സത്യസന്ധതയും ധൈര്യവുമാണെന്നും തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ലെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെതിരും സുധാകരൻ പരാമർശം നടത്തി. തരൂർ നല്ല മനുഷ്യനാണെങ്കിലും സംഘടനാ പ്രവർത്തന കാര്യത്തിൽ തരൂരിന് പരിചയ സമ്പത്തില്ലെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed