ആദിവാസി ഊരുകളിൽ വൈദ്യുതീകരണം യുദ്ധകാലാടിസ്ഥാനത്തിൽ; കുടിശ്ശിക സർക്കാർ ഏറ്റെടുക്കും
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ആദിവാസി നഗറുകളിലും വെളിച്ചമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഫെബ്രുവരി മാസത്തോടെ പൂർത്തിയാക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയും പട്ടികവർഗ വികസന മന്ത്രി ഒ.ആർ. കേളുവും പങ്കെടുത്ത യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്.
വൈദ്യുതീകരണത്തിന് ബാക്കിയുള്ള എട്ട് മേഖലകൾ ഇടുക്കി ജില്ലയിലാണ്. ഇതിൽ ആണ്ടവൻകുടി, അമ്പലപ്പടിക്കുടി, കണ്ടത്തിക്കുടി എന്നിവിടങ്ങളിൽ ഫെബ്രുവരി 15-നകം വൈദ്യുതി എത്തിക്കും. ശേഷിക്കുന്ന അഞ്ച് കേന്ദ്രങ്ങളിൽ ഫെബ്രുവരി 28-നകം 29 കിലോമീറ്റർ ഭൂഗർഭ കേബിൾ വഴി വൈദ്യുതി ലഭ്യമാക്കാൻ നിർദ്ദേശം നൽകി.
കുടിശ്ശിക മൂലം ഫ്യൂസ് ഊരിയ പട്ടികവർഗ കുടുംബങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന തീരുമാനവും യോഗത്തിലുണ്ടായി. 2025 സെപ്റ്റംബർ 30 വരെയുള്ള ഇത്തരം കുടിശ്ശിക തുക സർക്കാർ ഏറ്റെടുക്കും. വീടുകളിലെ വയറിങ് ക്രമീകരണങ്ങൾ പൂർത്തിയാക്കി ഈ മാസം 30-നകം അപേക്ഷ നൽകുന്ന മുറയ്ക്ക് കെ.എസ്.ഇ.ബി കണക്ഷനുകൾ പുനഃസ്ഥാപിച്ചു നൽകും. ഇടുക്കിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചു.
asasda

