സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പി.കെ. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി
ഷീബ വിജയൻ
പാലക്കാട്: മുതിർന്ന നേതാവും മുൻ എംഎൽഎയുമായ പി.കെ. ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. പാർട്ടി സംസ്ഥാന സെക്രട്ടറിക്കും പാലക്കാട് ജില്ലാ സെക്രട്ടറിക്കും എതിരെ പരസ്യമായി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് അടിയന്തര നടപടി. ശശിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു അറിയിച്ചു.
തനിക്കെതിരെ ശശി ഉന്നയിച്ച സ്പിരിറ്റ് കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ സുരേഷ് ബാബു വെല്ലുവിളിച്ചു. ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും കഴമ്പുണ്ടെന്ന് തെളിയിച്ചാൽ താൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. "എസ്എഫ്‌ഐ കാലം മുതൽ അച്ചടക്ക നടപടി നേരിടുകയും തിരുത്തി തിരിച്ചുവരുകയും ചെയ്യുന്ന സ്വഭാവമാണ് ശശിയുടേത്. അതുകൊണ്ട് തന്നെ ഇത്തരം ആരോപണങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ല" എന്നും സുരേഷ് ബാബു പരിഹസിച്ചു.
പുറത്താക്കൽ നടപടിയോട് വികാരാധീനനായാണ് പി.കെ. ശശി പ്രതികരിച്ചത്. പതിറ്റാണ്ടുകളായുള്ള പാർട്ടി ബന്ധം അവസാനിച്ചതിൽ വലിയ മാനസിക പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വിമത കൺവെൻഷനിൽ ജില്ലാ നേതൃത്വത്തിനെതിരെ 'സ്പിരിറ്റ് കച്ചവട' ആരോപണമടക്കം ഉന്നയിച്ച് ശശി രംഗത്തെത്തിയിരുന്നു. ഇതാണ് പെട്ടെന്നുള്ള പുറത്താക്കലിലേക്ക് നയിച്ചത്. പാലക്കാട് ജില്ലയിലെ പാർട്ടിക്കുള്ളിൽ വലിയ വിഭാഗം പ്രവർത്തകർ ശശിക്കൊപ്പമുണ്ടെന്ന സൂചനകൾക്കിടെയുള്ള ഈ നടപടി വരും ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമാറും.
dfsadsasw


