സോളാര്‍ പീഡനക്കേസ്: കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു


സോളാര്‍ പീഡനക്കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. ദില്ലിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തെ തിരുവനന്തപുരത്ത് വച്ച് ചോദ്യം ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും കെസി വേണുഗോപാലിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഡല്‍ഹിയില്‍ വച്ച് ചോദ്യം ചെയ്തത്. 2012 മെയ് മാസത്തിലാണ് സംഭവം നടന്നതെന്നാണ് പരാതിക്കാരി പറയുന്നത്. മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിയില്‍ ആദ്യം അന്വേഷണം നടത്തിയ പൊലീസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പിന്നീട് അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് കൈമാറുകയായിരുന്നു.

കേസില്‍ ഹൈബി ഈഡന്‍ എംപിക്കെതിരെ തെളിവില്ലെന്ന് സിബിഐ കഴിഞ്ഞദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. കേസില്‍ തെളിവ് കണ്ടെത്താന്‍ സാധിച്ചില്ലെന്നും പരാതിക്കാരിക്കും തെളിവ് നല്‍കാന്‍ കഴിഞ്ഞില്ലെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു.

You might also like

Most Viewed