കാശ്മീരിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലെ വിവാദ പരാമർശങ്ങളടങ്ങിയ വരികൾ പിൻവലിച്ച് കെ.ടി ജലീൽ

കാശ്മീരിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലെ വിവാദ പരാമർശങ്ങളടങ്ങിയ വരികൾ പിൻവലിച്ച് കെ.ടി ജലീൽ. സിപിഎം നേതൃത്വത്തിന്‍റെ നിർദേശത്തെ തുടർന്നാണ് നടപടി പോസ്റ്റിലെ പരാമർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതിലാണ് തീരുമാനമെന്നാണ് ജലീലിന്‍റെ പ്രതികരണം. പോസ്റ്റിലെ വരികൾ താൻ ഉദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്തു. നാടിന്‍റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമായി പരാമർശങ്ങൾ പിൻവലിച്ചെന്ന് ജലീൽ വ്യക്തമാക്കി. പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കാശ്്മീരിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പാണ് വിവാദമായത്. പാക്ക് അധിനിവേശ കാശ്്മീരിനെ ആസാദ് കാശ്്മീർ എന്നാണ് പോസ്റ്റിൽ വിശേഷിപ്പിച്ചത്.
ആസാദ് കാശ്്മീർ എന്ന പ്രയോഗം സാധാരണ പാക്കിസ്ഥാൻ ഉപയോഗിച്ചുവരുന്നതാണ്. ഇത്തരം പ്രയോഗം കാശ്മീരുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്‍റെ നിലപാടിനോടു യോജിച്ചു പോകുന്നതാണെന്നാണ് വിമർശനം. ഇന്ത്യൻ അധിനിവേശ കാശ്മീരെന്ന ജലീലിന്‍റെ പരാമർശത്തിനെതിരെയും വ്യാപക വിമർശനമുയർന്നിരുന്നു. കാശ്്മീർ ഇന്ത്യയുടെ ഭാഗമാണെന്ന ഇന്ത്യയുടെ നിലപാടിനു വിരുദ്ധമാണിത്. വിഭജന കാലത്ത് കാശ്മീർ രണ്ടായി പകുത്തു എന്ന തെറ്റായ വിവരവും പോസ്റ്റിലുണ്ടായിരുന്നു. വിവാദ പരാമർശത്തിൽ ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി തിലക് മാർഗ് പോലീസ് േസ്റ്റഷനിൽ പരാതിയും ലഭിച്ചിരുന്നു. അഭിഭാഷകനായ ജി.എസ് മണിയാണ് പരാതിക്കാരൻ