പ്രണയാഭ്യർത്ഥനയുമായി ശല്യപ്പെടുത്തി; യുവാവിന് ഒന്നര വർഷം തടവ്

പ്രണയാഭ്യർത്ഥനയുമായി പെൺകുട്ടിയെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ യുവാവിന് ഒന്നര വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. ഒറ്റപ്പാലം സ്വദേശി ഉണ്ണിക്കത്തൊടി വീട്ടിൽ കൃഷ്ണദാസിനെതിരെയാണ് പട്ടാന്പി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പ്രണയാഭ്യർത്ഥനയുമായി പ്രതി പെൺകുട്ടിയെ നിരന്തരം ശൽയപ്പെടുത്തുകയും നിരസിച്ചതിനെ ശേഷം ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. വിവാഹ അഭ്യർത്ഥന നിഷേധിച്ചതിന് പിന്നാലെ പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചെത്തി ഭീഷണി മുഴക്കിയിരുന്നു.
പ്രതിയുടെ ശല്യപ്പെടുത്തൽ വർധിച്ചതോടെയാണ് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതിപ്പെട്ടത്. ഒറ്റപ്പാലം എസ്ഐയായിരുന്ന അനൂപ് അന്വേഷിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് ഒൻപത് സാക്ഷികളെ വിസ്തരിച്ചു. നിഷ വിജയകുമാർ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രണയ പക കാരണം കൊലപാതകങ്ങളും പെൺകുട്ടികളെ ആക്രമിക്കുന്നതും പതിവാകുന്ന കാലഘട്ടത്തിൽ പ്രതിക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ വാദിച്ചു. ജഡ്ജ് സതീഷ് കുമാറാണ് കേസ് പരിഗണിച്ചത്.