ജാമ്യം നൽകരുതെന്ന് പൊലീസ്; രോഗിയാണെന്ന് ശ്രീജിത്ത് രവി കോടതിയിൽ


കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തി എന്ന് കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയെ തൃശൂർ പോക്സോ കോടതിയിൽ ഹാജരാക്കി. ശ്രീജിത്ത് രവിയ്ക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം നൽകിയാൽ കുറ്റവാളികൾക്ക് പ്രോത്സാഹനം നൽകുന്ന നിലപാടാകുമെന്നും സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുകയെന്നും പ്രോസിക്യൂഷൻ പറഞ്ഞു.അതേസമയം ശ്രീജിത്ത് രവി രോഗിയെന്നാണ് പ്രതി ഭാഗത്തിന്റെ വാദം. രോഗം മൂലമാണ് ഇത്തരത്തിൽ ഒരു കുറ്റം ചെയ്തതെന്നും കൂടുതൽ ചികിത്സ തേടേണ്ടതുണ്ടെന്നും പ്രതിഭാഗം പറഞ്ഞു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞത്.

ഇന്നലെ തൃശൂർ അയ്യന്തോളിൽ വച്ചാണ് അപമര്യാദയായി പെരുമാറിയത്. പാര്‍ക്കിന് സമീപത്ത് കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഇയാള്‍. പതിനൊന്നും അഞ്ചും വയസുള്ള രണ്ടു കുട്ടികള്‍ക്ക് അരികിലൂടെ കടന്നുപോകവേ നഗ്നതാ പ്രദര്‍ശനം നടത്തി ഇയാള്‍ ഇവിടെ നിന്ന് പോകുകയായിരുന്നു.കുട്ടികള്‍ വിവരം രക്ഷിതാക്കളോട് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസില്‍ പരാതി നല്‍കി. ഇയാളെ കണ്ട് പരിചയമുണ്ടെന്നാണ് കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. കറുത്ത കാറിലാണ് വന്നതെന്നും കുട്ടികള്‍ വ്യക്തമാക്കി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാറിനെ പിന്തുടര്‍ന്നപ്പോഴാണ് ശ്രീജിത്ത് രവിയിലേക്ക് അന്വേഷണം എത്തിയത്. കുട്ടികള്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. തൃശൂർ വെസ്റ്റ് പൊലീസാണ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്.

ഇതിന് മുമ്പും സ്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുത്തുവെന്നായിരുന്നു പരാതി. കുട്ടികള്‍ ബഹളംവച്ചതോടെ ഇയാള്‍ പെട്ടെന്നു കാര്‍ ഓടിച്ചുപോവുകയായിരുന്നു. സംഭവം കുട്ടികള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയും അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസാണ് കേസ് എടുത്തത്.

You might also like

Most Viewed