കാറപകടം: അച്ഛനും അമ്മയ്ക്കും പിന്നാലെ കുഞ്ഞും മരണത്തിന് കീഴടങ്ങി

കൊല്ലം കൊട്ടാരക്കര കുളക്കട അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരണത്തിന് കീഴടങ്ങി. കാറപകടത്തിൽ മരിച്ച ബിനീഷ് കൃഷ്ണന്റേയും അഞ്ജുവിന്റേയും മകൾ മൂന്നു വയസുകാരി ശ്രേയ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബിനീഷിന്റെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം.
എറണാകുളത്ത് നിന്ന് മടങ്ങി വരുന്ന വഴി കൊട്ടാരക്കരയിൽ നിന്നും അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാർ ഇവർ സഞ്ചരിച്ചിരുന്ന കാറിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബിനീഷും കുടുംബവും സഞ്ചരിച്ചിരുന്ന കാർ പൂർണമായും തകർന്നു. ബിനീഷും അഞ്ചുവും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ശക്തമായ മഴയിൽ ടയറുകൾ തെന്നിമാറി നിയന്ത്രണം വിട്ട് ഇടിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നോവ ഓടിച്ചിരുന്ന അരവിന്ദ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പുത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിനീഷിന്റേയും അഞ്ചുവിന്റേയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.