ഗർഭം നിലനിർത്തുന്നതിനുള്ള മരുന്നിന് പകരം നൽകിയത് ഗർഭം അലസിപ്പിക്കാനുള്ള ​ഗുളിക; മെഡിക്കൽ ഷോപ്പിനെതിരെ കേസ്


മെഡിക്കൽ സ്റ്റോറിലെത്തി ആവശ്യപ്പെട്ടത് ഗർഭം നിലനിർത്തുന്നതിനുള്ള മരുന്ന്, അവിടുന്ന് നൽകിയതാകട്ടേ ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെട്ട ഗർഭം അലസിപ്പിക്കാനുള്ള മരുന്ന്. മലപ്പുറത്താണ് സംഭവം. ഗുളിക കഴിച്ചതിനെ തുടർന്ന് എടവണ്ണ സ്വദേശിനിയായ യുവതി ശാരീരികാസ്വാസ്ഥ്യം കാരണം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നിർഭാഗ്യവശാൽ ഗർഭം അലസിപ്പോവുകയും ചെയ്തു. തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഗർഭം അലസുന്നതിനുള്ള മരുന്നാണ് യുവതിക്ക് നൽകിയതെന്ന് വ്യക്തമായി. 

ഡോക്ടറുടെ നിർദ്ദേശപ്രകാരം കുറിപ്പടിയോടെ മാത്രമേ ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ വിൽക്കാവൂ എന്നാണ് നിമയം. യുവതിയുടെ പരാതിയിൽ ഡ്രഗ്സ് ആന്റ് കോസ്‌മെറ്റിക്സ് നിയമപ്രകാരം മെഡിക്കൽ ഷോപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മെഡിക്കൽ സ്റ്റോറിൽ നിന്ന് കൊടുത്തത് ഗർഭച്ഛിദ്ര മരുന്നാണെന്നും രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലായിരുന്നില്ല വിൽപ്പനയെന്നും ജില്ലാ ഡ്രഗ്സ് ഇൻസ്‌പെക്ടർ ഡോ. എം.സി. നിഷിത് വ്യക്തമാക്കി.

പരാതിക്കാരിയുടെ വീട്ടിലും സ്വകാര്യ ആശുപത്രിയിലും പരിശോധന നടത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മെഡിക്കൽ സ്റ്റോറിൽ നിന്ന് വില്പന നടത്തിയ ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെട്ട ഗർഭച്ഛിദ്ര മരുന്നുകളും ബില്ലുകളും മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി.

 

You might also like

Most Viewed