'അമ്മ' ജനറല്‍ ബോഡിക്കെത്തി വിജയ് ബാബു; അത്ഭുതമില്ലെന്ന് ഡബ്ല്യൂസിസി


താരസംഘടനയായ 'അമ്മ'യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനെത്തി ബലാംത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് യോഗത്തിന് വിജയ് ബാബു എത്തിയത്. ആരോപണ വിധേയനായതിന് പിന്നാലെ 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും വിജയ് ബാബു രാജി വെച്ചെങ്കിലും സംഘടനയില്‍ അംഗത്വം ഉണ്ട്. ആ നിലയ്ക്കാണ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനെത്തിയത്.

അതേസമയം നടപടിയില്‍ ഡബ്ല്യൂസിസി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. 'എഎംഎംഎ നടപടിയില്‍ അത്ഭുതമില്ല, സ്ത്രീകളെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ എഎംഎംഎ സ്വീകരിച്ചിട്ടുള്ള നിലപാട് മുമ്പും നമ്മള്‍ കണ്ടതാണെന്നും' ദീദി ദാമോദരന്‍ പറഞ്ഞു.

'കലാകാരന്മാര്‍ക്ക് സാമൂഹിക പ്രതിബന്ധത വേണം. സ്ത്രീകളെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ എഎംഎംഎ സ്വീകരിച്ചിട്ടുള്ള നിലപാട് നമ്മള്‍ കണ്ടതാണ്. അത്തരമൊരു സാഹചര്യത്തില്‍ വിജയ് ബാബു എത്തിയതില്‍ അത്ഭുതമൊന്നുമില്ല. അവര്‍ പോളിസി തുടരുകയാണ്. സ്ത്രീ സൗഹൃദമായി നിന്നതിന് തെളിവൊന്നും ഇല്ലല്ലോ.' എന്നാണ് ദീദിയുടെ പ്രതികരണം.

പ്രസിഡണ്ട് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ 10-30 നാണ് യോഗം ആരംഭിച്ചത്. വിജയ് ബാബു വിഷയത്തില്‍ അമ്മ കൈക്കൊണ്ട നിലപാടും ആഭ്യന്തര പരാതി പരിഹാര സമിതി അംഗങ്ങളുടെ രാജിയും യോഗത്തില്‍ പ്രധാന ചര്‍ച്ച വിഷയമാവും. നാല് മണിയ്ക്ക് 'അമ്മ' ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും.

You might also like

Most Viewed