മുഖ്യമന്ത്രിയുടെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

മുഖ്യമന്ത്രിയുടെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്തതാണ് ആക്രമണമെന്നും സതീശൻ ആരോപിച്ചു. എസ്എഫ്‌ഐ ഇത്തരത്തിൽ പ്രകടനം നടത്തുന്നുണ്ടെന്നു ഡിസിസി ഓഫീസിൽനിന്ന് പോലീസിനെ നേരത്തെതന്നെ അറിയിച്ചിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് തങ്ങൾ മാർച്ച് വച്ചാൽ പ്രവർത്തകർക്ക് ഇതുപോലെ മുഖ്യമന്ത്രിയുടെ വീട്ടികയറാൻ സാധിക്കുമോ എന്നും സതീശൻ ചോദിച്ചു. രാഹുൽ ഗാന്ധിയെ മോദി സർക്കാർ വേട്ടയാടുകയാണ്. ആ മോദി സർക്കാരിനെ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തതാണ്. അവരുടെ പ്രീതിക്കു വേണ്ടിയാണ് ഇത് ചെയ്തത്. സംസ്ഥാനത്ത് ഒരു കലാപ ആഹ്വാനമാണ് ഇതെന്നും സതീശൻ പറഞ്ഞു.
ഞങ്ങളെ പ്രകോപിക്കുകയാണ് ഇവർ. സംസ്ഥാനത്ത് രക്തസാക്ഷിയെ ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇവർക്കായി കൊടിപിടിച്ചു നടക്കുന്നവരോട് പറയാനുള്ളത് സ്വന്തം നേതാക്കൻമാർ തന്നെ നിങ്ങളെ വെള്ള പുതപ്പിച്ച് കിടത്തുന്ന സാഹചര്യം ഉണ്ടാക്കരുത്. സംഭവത്തിൽ കണ്ണിൽ പൊടിയിടാന്‍ വേണ്ടി മാത്രമുള്ള നടപടികളാണ് ഉണ്ടായതെന്നും സതീശന്‍ കുറ്റപ്പെടുത്തി.