മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെയുള്ള സമരം; പ്രതിഷേധക്കാര്‍ അറസ്റ്റില്‍

കോഴിക്കോട് ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരസമിതിയുടെ പ്രധാന നേതാക്കളെയും വാര്‍ഡ് കൗണ്‍സിലറെയും അടക്കം പോലീസ് അറസ്റ്റ് ചെയ്തു.
പല തവണ മാറ്റിവെച്ച സര്‍വേ ഇന്ന് പുനഃരാരംഭിക്കാന്‍ തീരുമാനിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. രാവിലെ സമരപന്തലിനു സമീപമെത്തി പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കിയിരുന്നെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടരുകയായിരുന്നു. മാലിന്യ സംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധമാര്‍ച്ചുമായി നീങ്ങിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. മൂന്നൂറോളം പോലീസുകാരെ പ്രദേശത്ത് വിന്ന്യസിച്ചിരുന്നു.
പ്രദേശത്ത് മാലിന്യപ്ലാന്‍റ് വേണ്ട എന്ന അഭിപ്രായം കോര്‍പ്പറേഷനെ അറിയിച്ചതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കോര്‍പ്പറേഷനില്‍ നടക്കുന്ന വലിയ അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മാലിന്യ പ്ലാന്‍റിന്‍റെ സര്‍വേ നടത്താനുള്ള നീക്കമെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്തു വിലകൊടുത്തും സര്‍വേ തടയാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. നാളെയും സമരം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. സമരത്തിന് പിന്തുണയറിച്ച് യുഡിഎഫും രംഗത്തെത്തിയിട്ടുണ്ട്.