പ്ലസ്‌ടു കെമിസ്‌ട്രി: പുതുക്കിയ ഉത്തരസൂചികയുമായി മൂല്യനിർണയം ഇന്ന് മുതൽ
പുതുക്കിയ ഉത്തരസൂചിക ഉപയോഗിച്ച് പ്ലസ് ടു കെമിസ്‌ട്രി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഇന്നു തുടങ്ങും. പിഴവുള്ള ഉത്തരസൂചികയാണ് ലഭ്യമാക്കിയതെന്നും അതുപയോഗിച്ച് മൂല്യനിർണയം നടത്തില്ലെന്നും അധ്യാപകർ നിലപാടെടുത്തിരുന്നു. തുടർന്ന്, സർക്കാർ നിയോഗിച്ച പതിനഞ്ചംഗ അധ്യാപകസംഘം തയാറാക്കിയ ഉത്തരസൂചിക ഉപയോഗിച്ചാകും ഇന്നു മൂല്യനിർണയം തുടങ്ങുക. ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്ക വേെണ്ടന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
വിദ്യാർഥികളുടെ ഭാവിയും രക്ഷിതാക്കളുടെ മാനസിക സംഘർഷവും ഗൗരവത്തോടെ കാണുന്നതിന്റെ അടിസ്‌ഥാനത്തിലാണു നടപടിയെന്നും മൂല്യനിർണയ ബഹിഷ്‌കരണത്തെക്കുറിച്ച് അന്വേഷിക്കാനായി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങൾക്ക് ഇരട്ട മൂല്യ നിർണയമാണു നടത്തുന്നത്. എല്ലാ വിദ്യാർഥികൾക്കും അർഹതപ്പെട്ട മാർക്ക് മുഴുവൻ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്ലസ് ടു കെമിസ്‌ട്രി മൂല്യനിർണയത്തിനായുള്ള പുതുക്കിയ ഉത്തര സൂചിക വിദ്യാഭ്യാസ വകുപ്പിന്റെ പോർട്ടലിൽ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ചാകണം മൂല്യനിർണയമെന്നു നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഒന്നാം മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളുടെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ പിന്നീടു സർക്കുലറിലൂടെ വ്യക്‌തമാക്കും. പ്രായോഗിക പരീക്ഷകൾ ഇന്നു പുനരാരംഭിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.
രണ്ടാം വർഷ ഹയർ സെക്കൻഡറി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ 28−നാണ് ആരംഭിച്ചത്. അതിനിടെയാണ് കെമിസ്‌ട്രി മൂല്യനിർണയം തർക്കത്തിലായത്. കെമിസ്‌ട്രി വിഷയത്തിലെ ഒരു വിഭാഗം അധ്യാപകർ മാത്രമാണ് വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആശങ്കയുണ്ടാക്കാനുള്ള ശ്രമം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഇത് പരീക്ഷാ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ വേണ്ടിയുള്ള ബോധപൂർവമായ ശ്രമമായാണു കാണുന്നത്. രേഖാമൂലം അറിയിപ്പ് നൽകാതെയാണ് ഒരുവിഭാഗം അധ്യാപകർ മൂല്യനിർണയത്തിൽനിന്നു വിട്ടുനിന്നതെന്നും മന്ത്രി പറഞ്ഞു.
