അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് ഇനി മുതല്‍ പൊലീസിന്റെ ക്യാഷ് അവാര്‍ഡ്


അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് സംസ്ഥാന പൊലീസ് മേധാവി. ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുമെന്നാണ് പ്രഖ്യാപനം. സഹായിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് യോഗ്യത ഉറപ്പ് വരുത്തിയതിനുശേഷമാകും ക്യാഷ് പ്രൈസുകള്‍ നല്‍കുക.

ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട് പോലീസ് വിശദവിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അവാര്‍ഡിനുള്ള അര്‍ഹത രക്ഷപ്പെടുത്തിയ ആള്‍ക്കുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ അക്കാര്യം നിശ്ചിത മാതൃകയില്‍ ജില്ലാതല അപ്രൈസല്‍ കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്റ്ററെ അറിയിക്കും. ഇതിന്‍റെ ഒരു പകര്‍പ്പ് രക്ഷപ്പെടുത്തിയ ആള്‍ക്ക് നല്‍കുകയും ചെയ്യും.

ജില്ലാതല അപ്രൈസല്‍ കമ്മിറ്റി ഇത്തരം ശുപാര്‍ശകള്‍ എല്ലാമാസവും പരിശോധിച്ച് അര്‍ഹമായവ ഗതാഗത കമ്മീഷണര്‍ക്ക് അയച്ചുകൊടുക്കും. അര്‍ഹരായവര്‍ക്ക് ഗതാഗത കമ്മീഷണറാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്.

പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താനായി സംസ്ഥാനതല നിരീക്ഷണസമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേരുന്ന സമിതി ഏറ്റവും സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനം കാഴ്ചവെച്ച മൂന്നുപേരെ ദേശീയ അവാര്‍ഡിന് പരിഗണിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യും. സംസ്ഥാനതല നിരീക്ഷണസമിതിയില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി വിഭാഗം ഐ.ജി എന്നിവര്‍ അംഗങ്ങളും ഗതാഗത കമ്മീഷണര്‍ മെമ്പര്‍ സെക്രട്ടറിയുമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed