സെക്രട്ടറിയായി കോടിയേരി തുടരാൻ സാധ്യത; ഷംസീറും റിയാസും സെക്രട്ടറിയേറ്റിലെത്തും
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തന്നെ തുടരുമെന്നാണ് സൂചന. അങ്ങിനെയെങ്കിൽ ഇത് മൂന്നാം തവണയാണ് കോടിയേരി സംസ്ഥാന സെക്രട്ടറി പദവിയിലേക്കെത്തുന്നത്. അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങൾ എത്തുമെന്നും ഇക്കാര്യത്തിൽ പ്രാഥമിക ചർച്ചകൾ പൂർത്തിയായെന്നും റിപ്പോർട്ടുണ്ട്. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, തലശേരി എംഎൽഎ എ.എൻ.ഷംസീർ എന്നിവരാകും യുവനിരയിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് എത്തുക. എം.സ്വരാജിന്‍റെ പേര് നിലവിൽ പരിഗണിക്കുന്നില്ലെന്നാണ് വിവരം. മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ.വാസവൻ എന്നിവരും സെക്രട്ടറിയേറ്റിലേക്ക് എത്തുമെന്നാണ് സൂചന. കടകംപള്ളി സുരേന്ദ്രന്‍റെയും സി.കെ. രാജേന്ദ്രന്‍റെയും പേരുകളും പരിഗണിക്കുന്നുണ്ട്.
പി.ജയരാജൻ സെക്രട്ടറിയേറ്റിലേക്ക് എത്തുമോ എന്നാണ് ഏവരുടെയും ആകാംഷ. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രായം പരിഗണിച്ച് ജയരാജൻ ഒഴിവാക്കപ്പെടും എന്നാണ് സൂചന. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് സ്ഥാനം രാജിവച്ചത്.

