പുതിയ ഓൺലൈൻ ടാക്സി ചട്ടത്തിന് സർക്കാർ രൂപം നൽകുന്നു; ബൈക്ക് ടാക്സിക്ക് കിലോമീറ്ററിന് 10 രൂപ നിരക്ക്
ശാരിക
തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷിതമായ ഓൺലൈൻ ടാക്സി സംവിധാനം ഉറപ്പാക്കുന്നതിനായി പുതിയ ചട്ടങ്ങൾ രൂപീകരിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ബൈക്ക് ടാക്സികൾക്ക് കിലോമീറ്ററിന് 10 രൂപ നിരക്ക് നിശ്ചയിക്കാനാണ് സർക്കാറിന്റെ നീക്കം. മഞ്ഞ നമ്പർ പ്ലേറ്റുള്ള ബൈക്ക് ടാക്സികൾക്ക് മാത്രമായിരിക്കും സർവീസ് നടത്താൻ അനുമതി ലഭിക്കുക.
കാറുകൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ നിന്ന് 50 ശതമാനം വരെ ഇളവ് നൽകാൻ കമ്പനികൾക്ക് സാധിക്കും. എന്നാൽ തിരക്കേറിയ സമയങ്ങളിൽ (Peak Hours) സർക്കാർ നിരക്കിന്റെ രണ്ടിരട്ടി വരെ ഈടാക്കാനും കമ്പനികൾക്ക് അനുമതിയുണ്ടാകും. ഒരേ വഴിക്ക് യാത്ര ചെയ്യുന്ന ഒന്നിലധികം ആളുകൾക്ക് ഒരുമിച്ച് യാത്ര ചെയ്യാവുന്ന 'പൂൾ റൈഡിങ്' ആദ്യം ബുക്ക് ചെയ്യുന്ന ആൾ നൽകിയിട്ടുള്ള ദൂരപരിധിയുടെ നാല് കിലോമീറ്റർ ചുറ്റളവിൽ മാത്രമേ അനുവദിക്കൂ. വനിതാ യാത്രക്കാർക്ക് വനിതാ ഡ്രൈവർമാരെ തിരഞ്ഞെടുക്കാനുള്ള സൗകര്യം കമ്പനികൾ ഒരുക്കണമെന്നും, എട്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുതെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു.
ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കും. ഇവർക്ക് ആരോഗ്യ ഇന്ഷുറൻസും ടേം ഇൻഷുറൻസും കമ്പനികൾ ഉറപ്പാക്കണം. മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ വാഹനം ഓടിച്ച് പിടിയിലായവരേയും ക്രിമിനൽ പശ്ചാത്തലമുള്ളവരേയും ഡ്രൈവർമാരായി നിയമിക്കാൻ പാടില്ല. ഓൺലൈൻ കമ്പനികൾ ചട്ടലംഘനം നടത്തിയാൽ ഒരു ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ പിഴ ഈടാക്കുമെന്നും നിർദ്ദിഷ്ട ചട്ടത്തിൽ പറയുന്നു.
പരമ്പരാഗത ടാക്സി തൊഴിലാളികളും ഓൺലൈൻ ടാക്സി ജീവനക്കാരും തമ്മിലുള്ള തർക്കങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യം കൂടിയുള്ള പുതിയ ചട്ടത്തിന്റെ കരട് വിജ്ഞാപനം മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് ഒരു മാസത്തിനകം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാവുന്നതാണ്.
weawe

